Kerala
ഐ ഡി ബി ഐ ബാങ്ക് സ്ത്രീകളെ മുൻനിർത്തി ഭീഷണി മുഴക്കുന്നതായി ആരോപണമുയർന്നു
“ഞങ്ങളുടെ സേവനങ്ങളിൽ ഏറ്റവും മികച്ചത് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നു”വെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഐ ഡി ബി ഐ ബാങ്ക് നൽകിയ മികച്ച സേവനത്തെക്കുറിച്ചാണ് ഈ കുറിപ്പ്.
2024 ഏപ്രിൽ 12 ന് 2:30 തോടെ പാലാ വെള്ളാപ്പാട് പ്രവർത്തിക്കുന്ന ഐ ഡി ബി ഐ ബാങ്കിൽ ഒരാൾ തന്ന ചെക്ക്പ്രകാരം പണം പിൻവലിക്കാൻ പോയിരുന്നു. ഞാൻ ചെന്ന സമയം ടെല്ലർ ക്യാബിൽ ആരും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത് ഉണ്ടായിരുന്ന ബാങ്ക് സ്റ്റാഫിനോട് ക്യാഷർ ഉടൻ വരുമോ എന്ന് തിരക്കി. അപ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ പോയെന്ന മറുപടിയാണ് ലഭിച്ചത്. ബാങ്കിൽ ലഞ്ച് ബ്രേക്ക് ഉണ്ടോയെന്നു ചോദിച്ചു. തുടർന്നു ലഞ്ച് ബ്രേക്ക് സംബന്ധിച്ച് അറിയിപ്പ് നൽകാത്തത് എന്താണെന്നും പരാതി കുറിയ്ക്കാൻ ബുക്ക് എവിടെയെന്നും ചോദിച്ചു. പരാതി ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചപ്പോൾ കംപ്ലെയിൻ്റ് ഫോം നൽകാൻ ആവശ്യപ്പെട്ടു. ഒരു ഉദ്യോഗസ്ഥൻ ഏതോ പെട്ടിയുടെ അടിയിൽ നിന്നും അത് എടുത്തു കൊണ്ടുവന്നു. ഒരു പരാതി പോലും ബാങ്ക് ബ്രാഞ്ച് പാലായിൽ ആരംഭിച്ചശേഷം ഉണ്ടായിട്ടില്ല എന്ന് തോന്നിക്കുന്ന ബുക്ക്. ഒരു പരാതി പോലും അതിൽ രേഖപ്പെടുത്തിയിട്ടില്ല. എൻ്റെ പരാതിയാണ് ആദ്യം. നമ്പർ 179801.ഒരു പരാതിക്കു പോലും ഇട നൽകാതെ പാലായിൽ പ്രവർത്തിക്കുന്ന ബാങ്കാണത്രെ ഐ ഡി ബി ഐ ബാങ്ക് പാലാ ബ്രാഞ്ചെന്ന് ഇതു കണ്ടാൽ തോന്നുക!! പെർഫക്ട് ഓകെ!!!
പരാതിയിൽ ക്യാഷർ ബ്രേക്ക് എടുത്ത് ഉച്ചഭക്ഷണം കഴിക്കാൻ പോയി ബുദ്ധിമുട്ടിച്ചു എന്ന് എഴുതി. തുടർന്ന് ക്യാഷർ വന്നപ്പോൾ പണം പിൻവലിച്ചുപോരുകയും ചെയ്തു.
പരാതിയ്ക്കുള്ള മറുപടി മെയ് രണ്ടിന് ഐ ഡി ബി ഐ ബാങ്കിൽ നിന്നും വന്നു. പരാതിക്കാരനായ എനിക്കല്ല വന്നത് ആരാണോ എനിക്ക് ചെക്ക് നൽകിയത് ആ വ്യക്തിയ്ക്കാണ് മറുപടി നൽകിയത്.
അതിൽ എനിക്കുണ്ടായ അസൗകര്യത്തിന് ഖേദം പ്രകടിപ്പിച്ച ശേഷം ഞാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് ക്യാഷർ ഉച്ചഭക്ഷണത്തിന് പോയതെന്ന് സമ്മതിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനായി ക്യാബിൻ പൂട്ടി പോകാം എന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ പോകാൻ പറ്റില്ലെന്ന് അനുമാനിക്കാം. മറ്റ് ഉപഭോക്താക്കളും ക്യാഷർക്കായി കാത്തിരുന്നുവെന്ന് ബാങ്ക് തന്നെ ചൂണ്ടിക്കാട്ടുമ്പോൾ അത്രയും ആളുകളെ അനാവശ്യമായി ബുദ്ധിമുട്ടിച്ചുവെന്ന് കുറ്റസമ്മതം നടത്തുകയാണ് ബാങ്ക്. ഞാനുൾപ്പെടെ നിരവധി ആളുകളെ ബുദ്ധിമുട്ടിക്കുകയും പരാതി ബുക്ക് ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തതിനെ ബാങ്ക് ഉദ്യോഗസ്ഥരുടെ അങ്ങേയറ്റത്തെ മര്യാദയായും പ്രൊഫഷണലിസവുമായിട്ടാണ് ബാങ്ക് സ്വയം ചിത്രീകരിക്കുന്നതെന്ന് മറുപടിയിൽ പറയുന്നു.
തുടർന്നു വ്യാജകുറ്റാരോപണം എനിക്കെതിരെ നടത്തുകയാണ് ബാങ്ക് ചെയ്തിരിക്കുന്നത്. ഞാൻ വനിതാ ഓഫീസറോട് മര്യാദയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന ഗുരുതരമായ ആരോപണമാണ് ഒന്ന്. ബാങ്ക് എനിക്കു സൃഷ്ടിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞത് ബാങ്ക് ഉദ്യോഗസ്ഥയോടാണ്, ആ വ്യക്തിയോടല്ല. ബാങ്ക് ഉദ്യോഗസ്ഥയല്ലെങ്കിൽ അവരോട് പരാതി പറയേണ്ട കാര്യമില്ല. പറഞ്ഞിട്ടും കാര്യവുമില്ല. അവരുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. അതെങ്ങനെ വ്യക്തിപരമാകും? പരാതി പറയുന്നതിനെ മര്യാദയില്ലാത്ത പെരുമാറ്റമായി എങ്ങനെ ചിത്രീകരിക്കാനാവും? പരാതി പറയുന്ന ഇടങ്ങളിലെല്ലാം സ്ത്രീകൾ ഉണ്ടെങ്കിൽ ഐഡിബിഐ ബാങ്കിൻ്റെ മാതൃകയിൽ അവിടെയെല്ലാം ഇത്തരം ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ എന്താവും അവസ്ഥ.
ബാങ്കിൻ്റെ ഒരു ഉപഭോക്താവിൻ്റെ ആവശ്യം നിറവേറ്റാൻ ചെല്ലുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ബാങ്കിൽ വനിതാ ഉദ്യോഗസ്ഥയുണ്ടെങ്കിൽ പറയാനേ പാടില്ല എന്നാണത്രെ ബാങ്ക് പറഞ്ഞു വരുന്നത്. പരാതിയെന്തെങ്കിലും പറഞ്ഞാൽ അവിടെയുള്ള സ്ത്രീകളോട് മര്യാദയില്ലാതെ പറഞ്ഞുവെന്ന വ്യാജ ആരോപണം ഉയർത്താൻ ബാങ്ക് ഔദ്യോഗികമായി തന്നെ ശ്രമിക്കുന്നുവെന്ന് ഈ മറുപടിയിൽ നിന്നും മനസിലാക്കാം. സ്ത്രീകൾക്കായുള്ള പരിഗണനയെ കൂട്ടുപിടിച്ച് ദുരാരോപണം ഉന്നയിക്കുന്ന ഐഡിബിഐ ബാങ്കിൻ്റെ നടപടി ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ബ്രാഞ്ച് പരിസരത്ത് ചിത്രങ്ങൾ ക്ലിക്കു ചെയ്യുന്നതിനും വീഡിയോകൾ നിർമ്മിക്കുന്നതിനും ഹാൻഡ് ഫോൺ ഉപയോഗിച്ചുവെന്നാണ് മറ്റൊരു ആരോപണം. അങ്ങനെയുണ്ടായിട്ടുണ്ടെങ്കിൽ ബാങ്കിലെ സെക്യൂരിറ്റി ഓഫീസർ ഇടപെടേണ്ടതാണ്. അതുണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ബാങ്ക് ചിന്തിക്കുന്നത് നന്നായിരിക്കും. സിസിടിവി ദൃശ്യങ്ങൾ ബാങ്കിൽ ഉള്ളതിനാൽ അവ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകാവുന്നതേ ഉള്ളൂ.
ഇങ്ങനെ തെറ്റിനെ ന്യായീകരിക്കാൻ ദുരാരോപണങ്ങൾ ഉന്നയിക്കുന്ന ബാങ്ക് അവസാനം പറയുന്നത് ഇപ്രകാരമാണ്. ഞങ്ങളുടെ സേവനങ്ങളിൽ ഏറ്റവും മികച്ചത് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നുവെന്ന്. ഇതായിരിക്കാം അവരുടെ മികച്ച സേവനം എന്നു കരുതേണ്ടിയിരിക്കുന്നു.
വ്യക്തവും കൃത്യവുമായ പരാതി നൽകുമ്പോൾ അതിനു മറുപടി നൽകാതെ വ്യാജമായി കുറ്റാരോപണം നടത്തുന്ന ബാങ്കിൻ്റെ നടപടി പ്രതിഷേധാർഹമാണ്.വ്യവസ്ഥാപിതമായ മാർഗ്ഗത്തിൽ പരാതി എഴുതി കൊടുത്തപ്പോൾ സ്ത്രീകളെ മുൻനിർത്തി വ്യാജമായ ആരോപണം ഉന്നയിച്ച ബാങ്കിൻ്റെ നടപടി സ്ത്രീകൾക്കു നൽകുന്ന പരിഗണനയെ ദുരുപയോഗിക്കലാണ്. വ്യാജ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ ഐ ഡി ബി ഐ ബാങ്ക് തയ്യാറാകണം. ബാങ്കിൻ്റെ ഈ നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രാലയവും റിസർവ്വ് ബാങ്കും അടിയന്തിരമായി ഇടപെടേണ്ടതും അനിവാര്യമായിരിക്കുന്നു.
എബി ജെ ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ – 686575
ചിത്രം പ്രതീകാത്മകം