കോട്ടയം :തദ്ദേശ തെരെഞ്ഞെടുപ്പിൽ എല്ലാ കേരളാ കോൺഗ്രസുകൾക്കും ലഭിക്കുന്ന സീറ്റുകളുടെ ഇരട്ടിയിലധികം സീറ്റ് നേടി കരുത്ത് തെളിയിക്കാൻ കേരളാ കോൺഗ്രസ് (എം) ഒരുങ്ങുന്നു.കേരളാ കോൺഗ്രസിന്റെ തട്ടകമായ പാലായിൽ ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത 300 പ്രതിനിധികളോടും ജോസ് കെ മാണിക്ക് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം നമ്മൾ ശക്തരാണെന്നു മറ്റ് കക്ഷികൾക്ക് കാണിച്ചു കൊടുക്കുവാൻ തദ്ദേശ തെരഞ്ഞെടുപ്പിനെ നമ്മൾ ഉപയോഗിക്കണം .
പാലായിൽ ശക്തരായതുകൊണ്ടാണ് ചില പ്രശ്നങ്ങൾ പാലാ മുനിസിപ്പാലിറ്റിയിൽ ഉണ്ടായപ്പോൾ കൂഴച്ചക്ക പഴത്തിന്റെ കുരു ഒഴിക്കുന്ന ലാഘവത്തോടെ അത് പരിഹരിക്കുവാൻ കഴിഞ്ഞത്.പതിനൊന്ന് കൗൺസിലർമാരും ഒറ്റക്കെട്ടായി നിന്നപ്പോൾ പാളയത്തിൽ പട ഉണ്ടാവുമെന്ന് കരുതിയവരൊക്കെ നിരാശരായി .തുരുത്തൻ;ആന്റോ പടിഞ്ഞാറേക്കര;സാവിയോ കാവുകാട്ട്;ബൈജു കൊല്ലമ്പറമ്പിൽ ശക്തികൾ ഒന്നിച്ചു നിന്നപ്പോൾ കൂട്ടിനായി മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപ്പടവനും ഉണ്ടായിരുന്നു.അതൊരു ശക്തിയാണ് അങ്ങനെ ശക്തിയാർജ്ജിച്ചാലേ പാർട്ടിയെ പ്രതിരോധിക്കാനാവൂ എന്ന കാഴ്ചപ്പാടാണ് കേരളാ കോൺഗ്രസിനുള്ളത്.
കടുത്തുരുത്തിയിലും പാലായിലും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനായത് എൽ ഡി എഫിലെ ഐക്യവും ;കേരളാ കോൺഗ്രസിന്റെ ജനപിന്തുണയുമാണെന്നുള്ള കാര്യം വിസ്മരിക്കപ്പെടേണ്ടതല്ല .പാലായിൽ മാണി സി കാപ്പന്റെ ഭൂരിപക്ഷം 12000 ആയി കുറയ്ക്കുവാൻ സാധിച്ചു.സർക്കാരിനെതിരെ ജനരോക്ഷം ഉയർന്നപ്പോഴാണ് നില മെച്ചപ്പെടുത്തിയത്.അതുപോലെ കടുത്തുരുത്തിയിലും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നില മെച്ചപ്പെവടുത്തിയത് കേരളാ കോൺഗ്രസിന് ആശ്വാസമാണ് പകരുന്നത്.
ലോക്സഭാ തിരെഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ 11000 വോട്ടിന്റെ ലീഡ് യു ഡി എഫ് നേടിയത് സ്ഥലം എം എൽ എ മോൻസ് ജോസഫിന് ആശ്വാസമാവുമെങ്കിലും വോട്ടു ചെയ്ത പല ആൾക്കാരും സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പുകൾ ശ്രദ്ധേയമാണ്.മോൻസെ തന്നെ കണ്ടിട്ടല്ല ഞങ്ങൾ യു ഡി എഫിന് വോട്ടു ചെയ്തത് പിണറായിയോടുള്ള വിരോധം കൊണ്ട് മാത്രം.ഇങ്ങനെ പല കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ അണിനിരന്നപ്പോൾ ജനകീയ പ്രതിഷേധം ആരുടെ നേർക്കാണ് ഉയരുന്നതെന്ന് കാണുവാൻ പാഴൂർ പടിക്കൽ പോവേണ്ട കാര്യമില്ല .
കോട്ടയം ;ഇടുക്കി;പത്തനംതിട്ട;എറണാകുളം ജില്ലകളിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കാനാണ് കേരളാ കോൺഗ്രസ് എമ്മിന്റെ നീക്കം .അതനുസരിച്ച് വാർഡ് പുനർ വിഭജനത്തിൽ പ്രത്യേക ടീമിനെ തന്നെ ചുമതലപ്പെടുത്തും.പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പൊതു പരിപാടികളിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്.എല്ലാ കേരളാ കോണ്ഗ്രസുകളും നേടുന്നതിന്റെ ഇരട്ടി സീറ്റുകൾ പിടിച്ചെടുത്തു കേരളാ രാഷ്ട്രീയത്തിൽ തങ്ങളുടെ ശക്തി തെളിയിക്കുകയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ ലക്ഷ്യം .
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്;കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ;കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പ് എന്നിവയാണ് പ്രധാന കേരളാ കോൺഗ്രസുകൾ .അതിൽ ജോസഫ് വിഭാഗം തൊടുപുഴയിലും ;ഇടുക്കിയിലുമായി ഒതുങ്ങുമ്പോൾ.ജേക്കബ്ബ് വിഭാഗം പിറവത്ത് മാത്രമേയുള്ളൂ.പിള്ള വിഭാഗമാകട്ടെ കൊട്ടാരക്കരയിലും ;പത്തനാപുരത്തും മാത്രമായാണുള്ളത്.മറ്റ് കേരളാ കോൺഗ്രസുകളുടെ എം എൽ എ മാരുടെ സീറ്റുകളിൽ പോലും അവരുടെ പാർട്ടി ശുഷ്ക്കമാണ്.തൊടുപുഴയിലാവട്ടെ ജോസഫ് വിഭാഗത്തിന് രണ്ട് കൗണ്സിലര്മാരുണ്ടായിരുന്നതിൽ ഒരു കൗൺസിലർ കൂറുമാറി സിപിഎം ലേക്ക് പോയപ്പോൾ നിലവിൽ ഒരു കൗൺസിലർ മാത്രമാണുള്ളത് . എന്നാൽ കേരളാ കോൺഗ്രസ് എമ്മാവട്ടെ ഒരു ഡസൻ മുനിസിപ്പാലിറ്റികളിൽ പ്രതിനിധ്യമുള്ളതും കാസർകോട് ചെറുവത്തൂർ പഞ്ചായത്ത് വരെ പ്രാതിനിധ്യവുമുള്ള പാർട്ടിയായി മാറി. കേരളാ കോൺഗ്രസ് എമ്മിന്റെ അടിസ്ഥാന വോട്ടുകളിൽ മാറ്റം വന്നിട്ടില്ലായെന്ന ഇടതുപക്ഷ കേന്ദ്രങ്ങളുടെ തിരിച്ചറിവിൽ നിന്നാണ് രാജ്യസഭാ സീറ്റിൽ ഇപ്രാവശ്യം കേരളാ കോൺഗ്രസ് (എം)നെ പരിഗണിച്ചത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ