കോട്ടയം: കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷികളുടെ വില്‍പന നിരോധിച്ചു. വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്നാണ് വിവരം.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിൽ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കോഴി, താറാവ് കർഷകർ ഇന്നലെ രംഗത്തെത്തിയിരുന്നു. കള്ളിങ് നടത്തിയതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും മന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കർഷകർ അറിയിച്ചു. കർഷകരുടെ യോഗം വിളിക്കാൻ മന്ത്രി തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചർച്ച നടത്തിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കർഷകർ മുന്നറിയിപ്പ് നല്‍കി.