Kerala
സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുന്നു :കനത്തമഴയിൽ 8 മരണം; വ്യാപക നാശനഷ്ടം
തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി എട്ടുപേർക്ക് ദാരുണാന്ത്യം. ഒരാളെ കാണാതായി. മൂന്നുദിവസത്തെ മഴയിൽ 97 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. വ്യാപകകൃഷിനാശവുമുണ്ടായി.
13 ദുരിതാശ്വാസ ക്യാമ്പുകളിലായി 72 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.തിരുവനന്തപുരം വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണ് വിതുര തൊളിക്കോട് സ്വദേശി മോളി (42) മരിച്ചു.വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് പരേതനായ ശിവദാസന്റെ ഭാര്യ സുലോചനയും (54) മകൻ രഞ്ജിത്തും (31) മരിച്ചു. കിടപ്പുരോഗിയായ സുലോചനയും മകനും താമസിച്ചിരുന്നത് ഒറ്റമുറി വീട്ടിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഉറക്കത്തിലായിരുന്നു ദുരന്തം.
ഇന്നലെ രാവിലെ വീട് ഇടിഞ്ഞുകിടക്കുന്നതു കണ്ട നാട്ടുകാരാണ് മൃതദേഹം കണ്ടത് ശനിയാഴ്ച രാത്രി വെള്ളിയാറിൽ കാണാതായ അലനെല്ലൂർ സ്വദേശി യൂസഫിന്റെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തു.പാലക്കാട് മുതുകുന്നിപ്പുഴയിൽ പുത്തൻവീട്ടിൽ രാജേഷിനെയാണ് കാണാതായത്. നാളികേരം പെറുക്കുന്നതിനിടെയാണ് രാജേഷിനെ കാണാതായത്.
കണ്ണൂരിൽ പെയിന്റിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴിയിൽ വെള്ളക്കെട്ടിൽ വീണാണ് ചൊക്ലി ഒളവിലം മേക്കരവീട്ടിൽ താഴെകുനിയിൽ കെ. ചന്ദ്രശേഖരൻ (60) മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.മട്ടന്നൂർ കോളാരി കുംഭംമൂല ഇല്ലത്തു വളപ്പിൽ കുഞ്ഞാമിനയെ വയലിലെ ആൾമറ ഇല്ലാത്ത കിണറിലാണ് മരിച്ച നിലയിൽ കണ്ടത്. ഭക്ഷണംപാകം ചെയ്യാൻ വാഴഇല പറിക്കാൻ വയലിൽ പോയതായിരുന്നു.
പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തിരുവല്ലയിൽ മേപ്രാതറയിൽ പുല്ല് ചെത്താൻ പോയ റജിയും (48) വയനാട്ടിൽ പുൽപ്പള്ളി ചീയമ്പത്ത് സുധനും മരിച്ചു.പാലക്കാട് ചിറ്റൂർ പുഴ മദ്ധ്യത്തെ പാറയിൽ കുടുങ്ങിയ സ്ത്രീ അടക്കമുള്ള നാലംഗ കുടുംബത്തെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.