Kerala
ഇടുക്കി ഡാമിൽ ജലനിരപ്പ് 2345.06 അടിയായി: ജലനിരപ്പുയർന്നതിനെ തുടർന്നു ജില്ലയിൽ കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ, കല്ലാർ എന്നീ അണക്കെട്ടുകൾ തുറന്നു
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ഒരുദിവസത്തിനിടെ മൂന്നുശതമാനം വെള്ളം ഉയർന്നു. ഇന്നലെ ജലനിരപ്പ് 2345.06 അടിയാണ്.
സംഭരണ ശേഷിയുടെ 42 ശതമാനമാണിത്. തിങ്കളാഴ്ച രാവിലെ 39 ശതമാനമായിരുന്നു ജലനിരപ്പ്. പദ്ധതി പ്രദേശത്ത് ഇന്നലെ 171.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത്തവണ കാലവർഷം ആരംഭിച്ചശേഷം ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണിത്.
ഇന്നലെയും ജില്ലയിൽ സാമാന്യം ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകാൻ കാരണമായിട്ടുണ്ട്. ജലനിരപ്പുയർന്നതിനെ തുടർന്നു ജില്ലയിൽ കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ, കല്ലാർ എന്നീ അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറുകളും മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളുമാണ് തുറന്നത്.
മലങ്കരയിൽ അഞ്ചുഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 10 സെന്റിമീറ്ററുമാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴയാറുകളിൽ ജലനിരപ്പുയരാനുള്ള സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.