ഭരണങ്ങാനം :അമ്മമാരാണ് കുടുംബത്തിൻ്റെ നന്മയുടെ സൂക്ഷിപ്പുകാരെന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപതയിലെ 171 പള്ളികളിൽ നിന്നെത്തിയ ആയിരക്കണക്കിന് മാതാക്കൾക്ക് സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്. ബൈബിൾ മുഴുവനിലും ഉന്നതവ്യക്തിത്വത്തിൻ്റെ ഉടമകളായ മാതാക്കളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നതു കാണാം.
അബ്രാഹത്തിൻ്റെ ഭാര്യ സാറായും, റബേക്കയും, റാഹേലും, യൂദിത്തും, പുതിയ നിയമത്തിൽ കന്യകാമറിയവും , എലിസബത്തും, കാനാൻകാരിയും, സമറായ സ്ത്രീയും , അങ്ങനെ വലിയ ഒരു നിര അമ്മമാരാണ് ബൈബിളിൽ ഉള്ളതും. മാതാക്കൾ മൂന്നു കാര്യങ്ങളാണ് മക്കൾക്കുവേണ്ടി ചെയ്യുന്നത്. അവർക്ക് ഭക്ഷണം നൽകുന്നു, വൃത്തിയാക്കുന്നു, പരിശീലിപ്പിക്കുന്നു. അന്ത്യവിധിയുടെ സമയം ഈശോ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം എന്നും നൽകുന്നവരാണ് അമ്മമാർ. എനിക്ക് വിശന്നു , ദാഹിച്ചു , പരദേശിയായിരുന്നു , നഗ്നനായിരുന്നു , രോഗിയായിരുന്നു. അമ്മമാർ എന്നും ഭക്ഷണം തരുന്നു, ദാഹം ശമിപ്പിക്കുന്നു, സ്വന്തമായി സ്വീകരിക്കുന്നു, ശുശ്രൂഷിക്കുന്നു. പാലാ രൂപതയിൽ ഇത്രയധികം സമർപ്പിതരും വൈദികരും, പ്രേഷിതരും ഉള്ളതിൻ്റെ കാരണം നമ്മുടെ അമ്മമാരുടെ സുകൃത ജീവിതമാണെന്നും ബിഷപ് പറഞ്ഞു.
തുടർന്ന് 10 മണിക്ക് രൂപതാ ഡയറക്ടർ ഫാ. ജോസഫ് നരി തൂക്കിൽ വിശുദ്ധ കുർബാന അർപ്പിച്ചു. രൂപതയുടെ സ്ഥാപനത്തിൻ്റെ 75 വർഷങ്ങളെ സൂചിപ്പിക്കുവാൻ 75 അമ്മമാർ അൽഫോൻസാമ്മയുടെ യൂണിഫോമിലാണ് എത്തിയത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം ജപമാല റാലിയായി മാതാക്കൾ വലിയ പള്ളിയിലേയ്ക്ക് നീങ്ങി. സമാപന പ്രാത്ഥനയും ഉച്ചഭക്ഷണവും കഴിഞ്ഞ് യോഗം പിരിഞ്ഞു.
പ്രോഗ്രാമുകൾക്ക് രൂപതാ ഡിറക്ടർ ഫാ. ജോസഫ് നരി തൂക്കിൽ, രൂപതാ പ്രസിഡൻ്റ് സിജി ലൂക്സൺ, വൈസ് പ്രസിഡന്റ് ഷേർളി ചെറിയാൻ, ജോയിൻ്റ് ഡിറക്ടർ സി. എൽസാ ടോം, മറ്റ് ഭാരവാഹികളായ സുജാ ജോസ്, ഡയാനാ രാജു, ബിന്ദു ഷാജി, ബീന റ്റോമി, സി. ലീന വള്ളിയാംതടം എന്നിവർ നേതൃത്വം നൽകി.