India

വിദേശ കറന്‍സി ട്രേഡിംഗ് വഴി ലാഭം ഉണ്ടാക്കാമെന്ന് തെറ്റിധരിപ്പിച്ച് കൊച്ചി കാക്കനാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് കോടിയോളം രൂപ

Posted on

കൊച്ചി: വിദേശ കറന്‍സി ട്രേഡിംഗ് വഴി ലാഭം ഉണ്ടാക്കാമെന്ന് തെറ്റിധരിപ്പിച്ച് കൊച്ചി കാക്കനാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് കോടിയോളം രൂപ.
പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും പൊതുമധ്യത്തില്‍ തനിക്കുണ്ടായ തീരാനഷ്ടത്തെകുറിച്ച് തുറന്നു പറയാനും താത്പര്യമില്ലെന്നും തട്ടിപ്പിന് ഇരയായ ആൾ വ്യക്തമാക്കി. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനിയുടെ ഉടമയ്ക്കാണ് ഒരൊറ്റ ഗൂഗിള്‍ സെര്‍ച്ചിലൂടെ കോടികള്‍ നഷ്ടമായത്.

തട്ടിപ്പ് കമ്പനി നിര്‍ദേശിച്ച 12 അക്കൗണ്ടുകളിലേക്കായാണ് പണം പോയത്. ടെലഗ്രാമിലൂടെയായിരുന്നു 10 മാസത്തോളം നീണ്ടുനിന്ന തട്ടിപ്പാണ് തട്ടിപ്പുകാർ ആസൂത്രണം ചെയ്തത്.

കമ്പനി ഉടമ അമേരിക്കയിലേക്ക് നേരിട്ട് പണമയക്കാന്‍ എന്ത് ചെയ്യണമെന്ന് ഗൂഗിളില്‍ നോക്കി. ചെന്നു കയറിയത് സ്റ്റാര്‍ബാനര്‍ ഗ്ലോബല്‍ എന്ന വെബ് സൈറ്റിലാണ്. ഫോണ്‍ നമ്പറും ഇമെയിലും നല്‍കിയതോടെ മിനിറ്റുകള്‍ക്കകം വിളിയെത്തി. കറന്‍സി ട്രേഡിങ്ങിലൂടെ വന്‍ ലാഭമുണ്ടാക്കിത്തരാമെന്നായിരുന്നു വാഗ്ദാനം. അതുവഴി വിജയിച്ചവരുടെ പരസ്യങ്ങളും പ്രമോഷനും പിന്നാലെയെത്തി. ചതിവലയില്‍ വീണ പരാതിക്കാരന്‍ തട്ടിപ്പ് കമ്പനിയുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടിന്‍റെ സൗകര്യാര്‍ഥം ടെലഗ്രാം ആപ്പിലും കയറി. പരാതിക്കാരന്‍റെ കാക്കനാടനുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ തിരുവല്ലയിലുള്ള ജോയിന്‍റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും അതിനോടകം ആറ് കോടി 93ലക്ഷത്തി 20,000 രൂപ നഷ്ടപ്പെട്ടു.

ജൂണ്‍ 28നാണ് 55 കാരന്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസിനെ സമീപിക്കുന്നത്. വൈകിയെത്തിയെങ്കിലും പരാതിയില്‍ അന്വേഷണം തുടരുകയാണ്. പണം നഷ്ടമായെന്ന് ബോധ്യമായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസിന്‍റെ നിര്‍ദേശം.

അങ്ങനെയെങ്കില്‍ പണം കൈമാറിയ അക്കൗണ്ട് നിമിഷങ്ങള്‍ക്കകം മരവിപ്പിക്കും. തുടര്‍ നടപടികളും സ്വീകരിക്കും. ഒരു മുന്നറിയിപ്പ് കൂടി പൊലീസ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സേവിംഗ്സ് ബാങ്ക് വിവരങ്ങള്‍ തേടിയാല്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version