പാലക്കാട് ബിജെപി മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെയെന്ന് പൊലീസ്. കേസിൽ യുവ മോർച്ച നേതാവിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറി മണലി സ്വദേശിയുമായ രാഹുലിനെയും സുഹൃത്തുക്കളായ അനുജിൽ, അജീഷ് കുമാർ കല്ലേപ്പുള്ളി, മഞ്ഞല്ലൂർ സ്വദേശികളായ സീനപ്രസാദ്, അജീഷ് എന്നിവരെയും പാലക്കാട് ടൌൺ പൊലീസ് അറസ്റ്റ് ചെയ്തു.
സമൂഹ മാധ്യമത്തിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്. പാലക്കാട്ടെ യുവ മോർച്ചയുടെ സമരങ്ങളിലെ നിറ സാന്നിധ്യമാണ് പിടിയിലായ രാഹുൽ. ബിജെപി ജില്ലാ നേതൃത്വവുമായും അടുത്ത ബന്ധമുള്ള രാഹുൽ യുവമോർച്ച അടുത്തിടെ മന്ത്രി എംബി രാജേഷിൻറെ വീട്ടിലേക്ക് നടത്തിയ മാർച്ചിൻറെ മുൻനിരയിലും ഉണ്ടായിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളിൽ ഒരാളും രാഹുൽ തന്നെ.