India
ഇന്ന് കർക്കിടകം ഒന്ന് :അകക്കണ്ണിൽ എരിയുന്ന ദീപത്തിന് ചുറ്റും ആത്മാവിൽ തെളിയുന്ന ജ്യോതിസ്സായി രാമായണ മാസം
രാപകൽ ഭേദമില്ലാതെ മഴ തിമിർത്തു പെയ്യുന്ന കർക്കിടകത്തിന്റെ വറുതി നാളുകളിൽ, അകത്തളങ്ങളിലെ ഇരുട്ട് പ്രകൃതിയിലേക്കും പരക്കുന്ന, ആകാശത്തിന്റെ ശ്യാമവർണ്ണം കണ്ണിലേക്കും പടരുന്ന അനിശ്ചിതത്വത്തിന്റെ കാലങ്ങളിൽ, അകക്കണ്ണിൽ എരിയുന്ന ദീപത്തിന് ചുറ്റും ആത്മാവിൽ തെളിയുന്ന ജ്യോതിസ്സായി മുത്തശ്ശിമാർ തലമുറകൾക്ക് പകരുന്ന അറിവിന്റെ, പുരുഷാർത്ഥത്തിന്റെ സ്വരൂപം… രാമൻ.
കള്ളക്കർക്കിടകത്തെ, കർക്കിടക ചാത്തനെ, പഞ്ഞക്കർക്കിടകത്തെ പടിക്ക് പുറത്താക്കി പകരം രാമായണ മാസമെന്ന വിശുദ്ധിയുടെ പര്യായം മലയാളിക്ക് പകർന്ന, വരാനിരിക്കുന്ന പുതുവർഷത്തെ, ഓണത്തെ സ്വീകരിക്കാനുള്ള മന-ദേഹ ശുദ്ധീകരണ ക്രിയയായി രാമായണ പാരായണത്തെ നിത്യവ്രതമാക്കാൻ; ഹൈന്ദവതയുടെ, സനാതന സംസ്കൃതിയുടെ വീണ്ടെടുപ്പിന് മലയാളിക്ക് വൈചാരികോർജ്ജം പകർന്ന നിഷ്കാമ സുകൃതികളായ പരമേശ്വർജിയുടെയും മാധവ്ജിയുടെയും ദീപ്ത സ്മൃതികൾ കൂടിയാണ് അനപൂർവം മലയാളികൾക്കും ഈ പുണ്യമാസം.
രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് കപട ബുദ്ധിജീവികളായ വൈദേശിക സൈദ്ധാന്തികന്മാർ മലയാളിയുടെ ആത്മീയ മനീഷക്ക് മുന്നിൽ വേതാള നൃത്തമാടിയപ്പോൾ ധർമ്മ സംസ്കൃതിയുടെ കാവൽ ഭടന്മാരായി നിലകൊണ്ട പുണ്യാത്മാക്കളുടെ ദൃഢചിത്തതയുടെ ഓർമ്മ പുതുക്കൽ കൂടിയാണ്, ഐക്യകേരള സൃഷ്ടിയുടെ ആദ്യദശകങ്ങളിൽ രാമായണ മാസമാചരിക്കാൻ ഇറങ്ങി പുറപ്പെട്ട് കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്മാരുടെ പരിഹാസങ്ങൾക്കും ഭർത്സനങ്ങൾക്കും ബൗദ്ധിക ആമ്രമണങ്ങൾക്കും വിധേയരായ ഒരു തലമുറക്ക് രാമായണ മാസം. അവിടെ പരമേശ്വർജിയും മാധവ്ജിയും ഉൾപ്പെടെയുള്ള മഹത്തുക്കൾ കൊളുത്തിയ കൈത്തിരി മുത്തശ്ശിമാരിൽ നിന്നും അമ്മമാരും അവരിൽ നിന്നും പിൻതലമുറയും ഏറ്റുവാങ്ങിയപ്പോൾ അവഗണിക്കാനാവാത്ത ഒരു ആത്മീയ മുന്നേറ്റമായി രാമായണ പാരായണം കേരളത്തിന്റെ ആത്മാവിൽ ഹോമധൂപമായി പടർന്നു കയറി.
അന്ന് പരിഹസിച്ചവർ ഇന്ന് രാമായണ മാസമാചരിക്കാൻ മത്സരിക്കുന്ന ഘട്ടത്തിലേക്ക് കേരളത്തിന്റെ ആത്മീയബോധം പരിവർത്തിതപ്പെടുന്നതാണ് നമ്മിൽ കുടികൊള്ളുന്ന ശ്രീരാമചന്ദ്രന്റെ ദിഗ്വിജയ ഞാണൊലി.മനസിന്റെ പ്രശാന്തതയ്ക്കും ആത്മനവീകരണത്തിനും ദേവകല്പിത മാർഗ്ഗമായാണ് രാമായണ പാരായണം നിർദേശിക്കപ്പെടുന്നത്. അത്യന്തം സങ്കീർണ്ണമായ പരിതസ്ഥിതികളിൽ കൂടി കടന്നു പോകുന്ന നൈമിഷികമായ മർത്യജീവിതം അകപ്പെടുന്ന കർമ്മബന്ധങ്ങളുടെ വനസ്ഥലികളിൽ തെളിയുന്ന ഊർജ്ജദീപ്തിയാണ് രാമായണത്തിലെ ഓരോ താത്വിക ശ്ലോകങ്ങളും. മനുഷ്യജീവിതവുമായി, കർമ്മബന്ധങ്ങളുമായി ഇത്രയേറെ അടുത്തു നിൽക്കുന്ന മറ്റൊരു സാഹിത്യസൃഷ്ടി കണ്ടെത്തുക പ്രയാസമാണ്. മഹാഭാരതത്തിലെ എണ്ണമറ്റ കഥാ സന്ദർഭങ്ങളിൽ തന്റെ ദിവ്യത്വം ഭഗവാൻ ശ്രീകൃഷ്ണൻ പ്രകടമാക്കുമ്പോൾ, ആദിമദ്ധ്യാന്തം സാധാരണ മനുഷ്യനായി ജീവിച്ചു കടന്നു പോവുകയാണ് മാനകങ്ങൾക്കും അപ്പുറത്തെ ചിത്ത നൈർമല്യത്തിന്റെ പ്രതിരൂപമായ മര്യാദാ പുരുഷോത്തമൻ ശ്രീരാമൻ.
ആ രാമനെ ആത്മാവിൽ സ്വീകരിക്കാനുള്ള അസുലഭ അവസരമാണ് ഓരോ രാമായണ മാസങ്ങളും നമുക്ക് പകർന്നു തരുന്നത്. സ്വയം എല്ലാം ത്യജിച്ചു കൊണ്ട് കർമ്മ മാർഗം സ്ഫടിക വിശുദ്ധമായി കാക്കുമ്പോഴും കർത്തവ്യ പരിപാലനത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ, തിരികെ ഒന്നും പ്രതീക്ഷിക്കാതെ മാതാപിതാക്കളുടെ സത്യം കാക്കുന്ന, അസാന്നിദ്ധ്യത്തിലും അയോധ്യയുടെ ആത്മാവാകുന്ന, ലങ്കയുടെ മാർഗ ദീപമാകുന്ന, രാജധർമ്മ പാലനത്തിനായി ഭൗതികത ആത്മാർപ്പണം ചെയ്യുന്ന രാമൻ രാമായണത്തിന്റെ മാത്രമല്ല, ഭഗവത് ഗീതയുടെയും സാരമാകുന്നുവെന്ന പണ്ഡിത വ്യാഖ്യാനത്തിന് കീർത്തി മുദ്ര പതിപ്പിക്കുന്നതാവട്ടെ ഓരോ രാമായണ മാസങ്ങളും.