Kottayam
ക്രഡിറ്റ് ഗ്യാരന്റി ഫണ്ട് കർഷക കമ്പനികൾക്ക് ലഭ്യമാക്കും: കെ.എൻ. ശ്രീധരൻ
പാലാ: കർഷക ഉൽപ്പാദക കമ്പനികൾക്ക് സംരംഭക പദ്ധതികൾ നടപ്പിലാക്കാൻ നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപ്പറേഷൻ മുപ്പത്തിമൂന്നു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നതിനൊപ്പം ഭക്ഷ്യോൽപ്പന്ന മേഖലയിൽ മുപ്പത്തിയഞ്ച് ശതമാനം സബ്സിഡിയോടു കൂടി പത്തു കോടി രൂപയുടെ പദ്ധതികൾ വരെ പ്രൈം മിനിസ്റ്റേഴ്സ് മൈക്രോ ഫുഡ് പ്രൊസസിങ്ങ് എന്റർപ്രൈസസ് സ്കീമിൽ പെടുത്തിയും ജാമ്യ വ്യവസ്ഥകൾക്കതീതമായ ക്രഡിറ്റ് ഗ്യാരന്റി ഫണ്ട് പ്രകാരം രണ്ടു കോടി രൂപ വരെയുമുള്ള വായ്പകളും ലഭ്യമാക്കുമെന്ന് നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ കേരള റീജിയൺ ഡയറക്ടർ കെ.എൻ. ശ്രീധരൻ അഭിപ്രായപ്പെട്ടു.
എൻ.സി.ഡി.സി യുടെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കോട്ടയം ജില്ലയിൽ പ്രൊമോട്ടു ചെയ്യുന്ന കർഷക ഉൽപ്പാദക കമ്പനി ഭാരവാഹികളുടെ ജില്ലാ തല ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാലോം പാസ്റ്ററൽ സെന്ററിൽ നടന്ന ശിൽപ്പശാലയിൽ പി.എസ്.ഡബ്ലിയു.എസ്. അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ അദ്ധ്യക്ഷതവഹിച്ചു. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഇസാഫ് സ്‌റ്റേറ്റ് എഫ്.പി.ഒ. കോർഡിനേറ്റർ വി.എസ്. റോയി ത്രുശൂർ, ആത്മാ റിട്ടയേഡ് ജില്ലാ പ്രൊജക്ട് ഡയറക്ടർ ഗീത കെ.ജെ തലയോലപറമ്പ്, എൻ.സി.സി.സി മാർക്കറ്റിങ്ങ് ഓഫീസർ ദീപ്തി വേണുഗോപാൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
അസി.ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ,എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, സി.ലിറ്റിൽ തെരേസ് , ഷീബാ ബെന്നി, ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, സെബാസ്റ്റ്യൻ ആരു ച്ചേരിൽ , ജോസ് നെല്ലിയാനി,ജയിംസ് മാത്യു അയർക്കുന്നം, ജിജിമോൻ വി.റ്റി വെള്ളികുളം, പി. എക്സ് ബാബു തോട്ടകം, ജോസ് കെ ജോർജ് ഫാത്തിമാപുരം തുടങ്ങിയവർ ശിൽപ്പശാലയ്ക്ക് നേതൃത്വം കൊടുത്തു.