Kerala

ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപെടുത്തി

 

പാലാ : നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയിൽ പോകുകയായിരുന്ന നീലൂർ സ്വദേശി 63കാരനാണ് മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് എന്ന ബസിൽ കുഴഞ്ഞു വീണത്.

ബസ് മുത്തോലിയിൽ എത്തിയപ്പോൾ രാവിലെ 8 മണിയോടെയാണ് സംഭവം. സീറ്റിൽ നിന്നു കുഴഞ്ഞു വീണയാൾ അപസ്മാര ലക്ഷണം കാണിച്ചതോടെ ബസ് നിർത്തി കണ്ടക്ടർ ഷൈജു .ആർ, ഡ്രൈവർ റിൻഷാദ് എന്നിവർ ചേർന്നു പ്രഥമശുശ്രൂഷ നൽകി. കുഴഞ്ഞു വീണ ആളുടെ ഭാര്യയും ബസിൽ ഉണ്ടായിരുന്നു. ബഹളം കേട്ട് ഇവർ‌ നോക്കുമ്പോളാണ് ഭർത്താവ് കുഴഞ്ഞു വീണു കിടക്കുന്നത് കണ്ടത്. ജീവനക്കാർ ഉടൻ തന്നെ നിറയെ യാത്രക്കാരുമായി ബസ് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് തിരിക്കുകയായിരുന്നു.

ഇടയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുടെ നന്മ നിറഞ്ഞ മനസിനു കൂട്ടുമായി ബസ് നിർത്താൻ ആവശ്യപ്പെടാതെ ബസിൽ ഇരുന്നു. രോ​ഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച ശേഷം ബസ് തിരിച്ച് പോയി യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കി യാത്ര തുടർന്നു. കണ്ടക്ടർ ഷൈജുവും,ഡ്രൈവർ റിൻഷാദും മുണ്ടക്കയം -മെഡി.കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന എം.ആൻഡ്.എം എന്ന ബസിലെ ജീവനക്കാരാണ്. ഈ റൂട്ടിൽ പകരം ഓടാനെത്തിയതാണ് ഷാജി മോട്ടോഴ്സ്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ആശുപത്രി അധികൃതരും അനുമോദനം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top