Kerala

രാമപുരത്ത് ചുഴലിക്കാറ്റ് നാശം വിതച്ചു;തുടർന്ന് നേതാക്കന്മാരുടെ പ്രസ്താവന ചുഴലി വീശിയടിച്ചു

Posted on

കോട്ടയം :ഇന്ന് വൈകിട്ട് രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി, ഗാന്ധിപുരം ,വെള്ളിലാപ്പള്ളി, കൊണ്ടാട്, കൂടപ്പലം, രാമപുരം അമ്പലം ഭാഗം എന്നിവിടങ്ങളിൽ ശക്തയായ കാറ്റ് കനത്ത നാശം വിതച്ചു . വ്യാപക കൃഷി നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.മരങ്ങൾ വീണ് നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. വെള്ളിലപ്പള്ളി സ്‌കൂളിന്റെ ഓടുകളെല്ലാം തകരുകയും ക്‌ളാസ് റൂമിന്റെ സീലിംഗുകൾ തകരുകയും ചെയ്തു .

ചുഴലിക്കാറ്റ് വീശി ഒരു മണിക്കൂറിനകം തന്നെ നേതാക്കന്മാരുടെ പ്രസ്താവനാ ചുഴലിയും ഈ പ്രദേശങ്ങളിൽ ആഞ്ഞു വീശി.കൃഷി നാശം ഉണ്ടായവർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്നാണ് പ്രസ്താവനാ ചുഴലിയിലൂടെ മാണി സി കാപ്പൻ എം എൽ എ യും ;ജോസ് കെ മാണി എം പി യും ആവശ്യപ്പെട്ടിരിക്കുന്നത് .കൂടാതെ ആർ ഡി ഒ യോട് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തുവാനും ഇരുവരും നിർദ്ദേശിച്ചു .

റവന്യൂ ഉദ്യോഗസ്ഥന്മാർ അടിയന്തിരമായി സ്ഥലത്തെത്തി നാശനഷ്ടത്തിന്റെ കണക്കു എടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട് .ഫയർ ഫോഴ്‌സിനോടും പ്രശ്നത്തിൽ ഗൗരവമായി ഇടപെടുവാൻ ജോസും ;കാപ്പനും നിർദേശം നൽകി.ഇനി നാളെ ഫ്രാൻസിസ് ജോർജിന്റെ ഊഴമാണ് എന്നാണ് അറിയാൻ കഴിഞ്ഞത് .വാസവൻ .തിരുവഞ്ചൂർ എന്നിവരും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല .അവരും ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകുവാൻ സാധ്യതയുണ്ട് .അതേസമയം റോഷി അഗസ്റ്റിനും സ്ഥലം സന്ദർശിച്ചെങ്കിലും ജോസ് കെ മാണിയുടെ പ്രസ്താവന വന്നതിനാൽ അദ്ദേഹം ഉദ്യോഗസ്ഥൻമാരോട് കണക്കെടുപ്പ് നടത്തുവാൻ നിർദ്ദേശിച്ചുള്ള പ്രസ്താവന വന്നിട്ടില്ല. എല്ലാ പാർട്ടികളുടെയും പ്രാദേശിക നേതാക്കൾ വളരെ സന്തോഷത്തിലായിരുന്നു.
പേമാരിയും കാറ്റും. വ്യാപക നാശം. മാണി സി.കാപ്പൻ എം. എൽ. എ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

രാമപുരം:രാമപുരം, വെള്ളിലാപ്പള്ളി, ഏഴാച്ചേരി, ഐങ്കൊമ്പ്, മാനത്തൂർ, കടനാട്, ,കൊണ്ടാട് പ്രദേശങ്ങളിൽ കാറ്റും മഴയും മൂലം വ്യാപക നാശനഷ്ടം. . റബ്ബർ, ആനി, പ്ളാവ് തുടങ്ങിയ മരങ്ങൾ ഒടിഞ്ഞു വീണു. നിരവധിവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിലാപ്പള്ളി സെൻ്റ് ജോസഫ് യു.പി സ്കൂളിനും നിരവധി വീടുകൾക്കും വലിയ തോതിൽ നാശമുണ്ടായിട്ടുണ്ട്. വീശിയടിച്ച കാറ്റിൽ കൃഷിക്കാരുടെ കപ്പ, വാഴ തുടങ്ങിയവയും വ്യാപകമായി നശിപ്പിക്കപ്പെട്ടു. വലിയ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞു വീണതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടു. നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ മാണി സി.കാപ്പൻ എം.എൽ.എ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾക്ക് പോലീസ് ഫയർ ഫോഴ്സ്, ഇലക്ട്രിസിറ്റി, വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തു. ഗതാഗതം പുന:സ്ഥാപിക്കാനും വൈദ്യുതി എത്തിക്കാനും വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അടിയന്തരസാഹചര്യങ്ങളെ നേരിടാൻവേണ്ട മുൻകരുതലുകൾക്കായി ആർ.ഡി.ഓ യ്ക്ക് നിർദ്ദേശം നൽകി.. കർഷകർക്കുണ്ടായ നഷ്ടം കണക്കാക്കി റിപ്പോർട്ടു സമർപ്പിക്കാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായി മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
കൊടുങ്കാറ്റ്; അടിയന്തര ധനസഹായം നൽകണം ജോസ് കെ മാണി

പാലാ:_രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശി അടിച്ച കൊടുക്കാറ്റ് മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ദുരിതബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഏഴാച്ചേരി, ഗാന്ധിപുരം ,വെള്ളിലാപ്പള്ളി, കൊണ്ടാട്, കൂടപ്പലം, രാമപുരം അമ്പലം ഭാഗം എന്നിവിടങ്ങളിലാണ് ശക്തയായ കാറ്റ് കനത്ത നാശം വിതച്ചത്. വ്യാപക കൃഷി നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.മരങ്ങൾ വീണ് നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തരമായി പ്രദേശത്ത് എത്തി നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തണമെന്നും ദുരിതബാധിതർക്ക് ഉടൻ ആശ്വാസ ധനം നൽകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version