Kottayam
വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ വരൻ പാമ്പുകടിയേറ്റ് മരിച്ചു
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ വരൻ പാമ്പുകടിയേറ്റ് മരിച്ചു. ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകർബാസ് ഗ്രാമത്തിലാണ് സംഭവം. 26 കാരനായ വരൻ പ്രവേഷ് കുമാറാണ് പാമ്പുകടിയേറ്റ് മരിച്ചത്. അയൽ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലെ ചടങ്ങുകൾക്കായി പോകുകായിരുന്നു വിവാഹപ്പാർട്ടി. ഇതിനിടെ മൂത്രമൊഴിക്കാനായി വരൻ വാഹനം നിർത്തി പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധു ചെന്ന് പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുലന്ദ്ഷഹർ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കഴിഞ്ഞയാഴ്ച ആദ്യം ബുലന്ദ്ഷഹറിലെ ഛത്താരി പ്രദേശത്ത് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റു വൃദ്ധയും പേരക്കുട്ടിയും മരിച്ചിരുന്നു.