Kerala
ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ രാവിലെ ആരംഭിച്ചു:സ്കൂബ ടീമും എൻ.ഡി.ആർ.എഫും ഉൾപ്പെട്ട 30 അംഗ സംഘമാണ് രക്ഷാദൗത്യം നടത്തുക. റോബോട്ടിക് സംവിധാനവും പരിശോധനയ്ക്ക് ഉൾപ്പെടുത്തും
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിക്കായുള്ള തിരച്ചിൽ രാവിലെ 7 മണി മുതൽ ആരംഭിച്ചു. സ്കൂബ ടീമും എൻ.ഡി.ആർ.എഫും ഉൾപ്പെട്ട 30 അംഗ സംഘമാണ് രക്ഷാദൗത്യം നടത്തുക. റോബോട്ടിക് സംവിധാനവും പരിശോധനയ്ക്ക് ഉൾപ്പെടുത്തും. പൊലീസ്- ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. രാത്രി വൈകിയും പ്ലാറ്റ്ഫോം 3 ലെ മാൻ ഹോളിലെ മാലിന്യം പുറത്തെത്തിച്ചു എങ്കിലും ഒഴുക്ക് കുറഞ്ഞത് കാരണം ടണലിലെ വെള്ളം പുറത്തേക്ക് നീക്കാൻ കഴിഞ്ഞില്ല.
റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുലർച്ചെ ഒന്നരയോടെ നിര്‍ത്തിവച്ചു.പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ കൊണ്ടു ടണ്‍കണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്‌കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായത്. പിന്നാലെയാണ് റോബോട്ടിന്റെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായി ആരംഭിച്ച ജൻ റോബോട്ടിക്സ് കമ്പനിയുടെ റോബോട്ടിക് യന്ത്രമാണ് എത്തിച്ചിരിക്കുന്നത്.
രണ്ട് യന്ത്രങ്ങളാണ് ഇപ്പോൾ പരിശോധനയ്ക്കായി എത്തിച്ചത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് യന്ത്രം എത്തിച്ചത്. ജോയിയെ കാണാതായ ഇടത്തുനിന്നും, മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ മാൻഹോളിൽ നിന്നും യന്ത്രങ്ങൾ ഇറക്കി പരിശോധിക്കാനാണ് നിലവിലെ തീരുമാനം. സീവേജ് നെറ്റ്‌വർ ക്ലിയർ ചെയ്യുന്നതിനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. ടണലിന്റെ ഉൾഭാഗം മോണിറ്റർ ചെയ്യുകയും വേസ്റ്റ് മാറ്റുകയും ചെയ്യുന്ന സംവിധാനമാണ് യന്ത്രത്തിൽ ഉള്ളത്.
മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാറെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയായി 3 ദിവസം മുന്‍പാണ് ജോയി വന്നത്. 2 അതിഥിത്തൊഴിലാളികളുടെ ഒപ്പമാണ് ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കില്‍പെട്ട ജോയിക്കു കരയില്‍ നിന്ന അതിഥിത്തൊഴിലാളികള്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെയായിരുന്നു ജോലി. മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടില്‍ പരേതനായ നേശമണിയുടെയും മെല്‍ഹിയുടെയും മകനാണു ജോയി.
1500 രൂപ കൂലിക്കായി മാലിന്യത്തിലിറങ്ങിയ ജോയി സുരക്ഷിതനായി മടങ്ങിയെത്താൻ പ്രാർഥനയുമായി മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടിൽ രോഗിയായ അമ്മ മെൽഹി നെഞ്ചുരുകുമ്പോഴും അപകടത്തിന്റെ ഉത്തരവാദിത്തം ഒഴിയാൻ പരസ്പരം ചെളിവാരിയെറിയുകയാണ് കോർപറേഷനും റെയിൽവേയും. പുലർച്ചെ 3 മുതൽ ട്രെയിൻ ഗതാഗതം തുടങ്ങുന്നതിനാൽ ട്രാക്കിലെ മാൻ ഹോളിലെ പരിശോധന നടത്താൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.