കോട്ടയം :വലവൂർ :മഴമേഘങ്ങൾ പെയ്തൊഴിഞ്ഞ തെളിഞ്ഞ വാനത്തെ സാക്ഷിയാക്കി, പ്രകൃതി തീർത്ഥം തളിച്ച് ശുദ്ധി വരുത്തിയ മണ്ണിൽ വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പുതിയ കിച്ചൻ കം സ്റ്റോറിന് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസിയ രാമൻ,വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിജു എന്നിവർ ചേർന്ന് തറക്കല്ലിട്ടു. കെട്ടിട നിർമ്മാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം നിർവഹിച്ചു. സ്ഥാനപതി വലവൂർ മനോജിന്റെ നേതൃത്വത്തിൽ അളന്ന് തിരിച്ച മണ്ണിൽ നിർമ്മാണ ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ കുറ്റി നാട്ടി. നിന്ന് തിരിയാൻ സ്ഥല സൗകര്യം നന്നെ പരിമിതമായ നിലവിലുള്ള അടുക്കളയുടെ സ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ ഒരെണ്ണം രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടേയും ദീർഘകാലത്തെ ആഗ്രഹമായിരുന്നു. ഇത് പൂർണ്ണതയിൽ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ പറഞ്ഞു.
ഇതൊരു തുടക്കം മാത്രമാണെന്നും പുതിയ സ്കൂൾ കെട്ടിടത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കട്ടെ എന്ന് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം ആശംസിച്ചു. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വലവൂർ ഗവൺമെന്റ് യുപി സ്കൂൾ ഇന്ന് കരൂർ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുകയാണെന്നും കൂടുതൽ അഭിവൃദ്ധി ഇനിയും ഈ സ്കൂളിൽ ഉണ്ടാകട്ടെ എന്ന് കരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിജു പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിയുന്നതെന്നും ഇത് അനുവദിച്ചു തന്ന കോട്ടയം പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് പിടിഎയ്ക്കും വിദ്യാർത്ഥികൾക്കും നന്ദിയുണ്ടെന്നും ഹെഡ്മാസ്റ്റർ അറിയിച്ചു.
പിടിഎ യുടെ നേതൃത്വത്തിൽ ഈ കെട്ടിടത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്നും ഇത്തവണത്തെ ഓണസദ്യ പുതിയ അടുക്കളയിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് , എംപിടിഎ പ്രസിഡന്റ് രജി സുനിൽ , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് എന്നിവർ അറിയിച്ചു.വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ റോഷ്നി മോൾ ഫിലിപ്പ് , ഷാനി മാത്യു, ചാൾസി ജേക്കബ്, അഞ്ചു കെ ജി, ഓഫീസ് സ്‌റ്റാഫ് രാഹുൽ ആർ, കൈറ്റ് മാസ്റ്റർ ട്രെയ്നർ സെബിൻ സെബാസ്റ്റ്യൻ, പിടിഎ അംഗങ്ങളായ സന്തോഷ് കെ എസ് , ജിജി ഫിലിപ്പ്, സുധീർ ഇ ആർ , ഷെൽമി , സുകുമാരൻ, കുക്ക് ശാന്ത നാരായണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.