ഈരാറ്റുപേട്ട : ആർത്തവ ശുചിത്വത്തിൽ പ്രകൃതി സൗഹൃദമായി മാറാൻ മാലിന്യ മുക്തം നവ കേരളം 2.0 ക്യാമ്പയിൻ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയുടെ പദ്ധതി ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ട ഭാഗമായി 833 വനിതകൾക്ക് സൗജന്യമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ഒപ്പം ബോധവൽക്കരണ ക്ലാസും 2024 ജൂലൈ 9, ചൊവ്വ രാവിലെ പത്തിന് വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷെഫ്ന അമീൻ അറിയിച്ചു. ഉദ്ഘാടനം ബഹു. ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ നിർവഹിക്കും. വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിക്കും. ക്ലീൻ സിറ്റി മാനേജർ ടി രാജൻ കൃതജ്ഞത അറിയിക്കും.
ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്ന വാക്കാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ മെൻസ്ട്രുവൽ കപ്പിന്റെ കാര്യത്തിൽ ആവശ്യമില്ലെന്ന് മാത്രമല്ല ഒട്ടേറെ ആരോഗ്യഗുണങ്ങളുമുണ്ട്.മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണ് മെന്‍സ്ട്രുവല്‍ കപ്പ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്.
മാസം തോറും സാനിറ്ററി പാഡുകൾ വാങ്ങുന്ന ചെലവും അത് കൃത്യമായി നശിപ്പിച്ചു കളയുന്നതിലെ പ്രയാസങ്ങളും അനുഭവിച്ചുവരുന്നവർക്ക് ആശ്വാസമാണ് മെൻസ്ട്രുവൽ കപ്പുകൾ. കുടുംബ ബജറ്റിൽ ലാഭമുണ്ടാക്കാൻ സഹായിക്കും. ഒരു സ്ത്രീ ഏകദേശം 200 രൂപയാണ് സാനിറ്ററി നാപ്കിൻ വാങ്ങിക്കാൻ ഒരു മാസം ചെലവിടുന്നത്. അങ്ങനെയാവുമ്പോൾ ഒരു വർഷം ചെലവ് 2400 ആണ്. രണ്ട് സ്ത്രീകൾ ഉള്ള വീട്ടിൽ 4800 രൂപയാണ് ഒരു വർഷം ചെലവ്. 5 വർഷത്തേക്ക് 24000 രൂപയാവും. മെൻസ്ട്രുവൽ കപ്പ് ആണെങ്കിൽ 5 വർഷത്തേക്ക് ഒന്ന് മതി. ചെലവ് 500 രൂപയിൽ താഴെ. രണ്ടു സ്ത്രീകൾ ഉള്ള കുടുംബത്തിൽ ആണെങ്കിൽ 1000 രൂപ മതി 5 വർഷത്തേക്ക്, അങ്ങനെയാകുമ്പോൾ ലാഭം 23000 രൂപ.
മെഡിക്കേറ്റഡ് സിലിക്കൺ വച്ചുണ്ടാക്കുന്ന ഈ കപ്പ് പല വലുപ്പത്തില്‍ ലഭ്യമാണ്. ഏതു രീതിയിൽ വേണമെങ്കിലും ആകൃതി വ്യത്യാസം വരുത്താവുന്ന മെറ്റീരിയൽ ആയതിനാൽ ഉപയോഗിക്കുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു കപ്പ് പരമാവധി 10 വർഷം വരെ ഉപയോഗിക്കാവുന്നതാണ്. ദിവസം 12 മണിക്കൂർ വരെ കപ്പ് തുടർച്ചയായി ഉപയോഗിക്കാം. ഡിസ്പോസബിൾ സാനിറ്ററി പാഡുകളെയോ ടാംപണുകളെയോ പോലെ ഇവ ലീക്ക് ചെയ്യുകില്ല. അണുബാധയ്ക്കുള്ള സാധ്യതയുമില്ല.