Kerala

ഇഎംഎസ് വെറും സൈദ്ധാന്തികൻ മാത്രം; അച്യുതമേനോൻ മികച്ച മുഖ്യമന്ത്രി; സിപിഎമ്മിനെ താങ്ങി ബിനോയ്‌ വിശ്വം

Posted on

കേരളത്തിലെ എല്ലാ കാലത്തേയും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഒന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മികച്ച സൈദ്ധാന്തികനായിരുന്നു. അച്യുതമേനോൻ ഭാവനാശാലിയായ മുഖ്യമന്ത്രിയായിരുന്നുവെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വിവാദമായ പരാമർശം നടത്തിയത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടത് മുന്നണിലേക്ക് വന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ എന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു

“രണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ തത്വാധിഷ്ഠിതമായ യോജിപ്പും ഐക്യപ്പെടലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. കോൺഗ്രസുമായി ചേർന്ന് സിപിഐ ഭരണം നടത്തിയെന്ന സിപിഎം ആരോപണങ്ങൾക്ക് പ്രസക്തിയില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും സഖ്യമായിട്ടാണ് ബംഗാളിൽ മത്സരിച്ചത്. രാജസ്ഥാനിൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തത് കൊണ്ടല്ലേ അവർക്ക് ജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസ് സഖ്യത്തിൻ്റെ കാര്യം പറഞ്ഞ് സിപിഐയെ പഴി പറയുന്നതിൽ അർത്ഥമില്ല.”

“1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ വെച്ച് ഞങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ചേർന്നത് തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിച്ചിരുന്നു. കോൺഗ്രസ് സഖ്യത്തിന്റെ പേര് പറഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തിന് തടസം സൃഷ്ടിക്കേണ്ട.”

“അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ സംസ്ഥാനത്തിന് അത്ര അടിയന്തര പ്രാധാന്യമുള്ള വിഷയമല്ല. അക്കാര്യം ഇനി ഉയർത്തിക്കൊണ്ടു വരേണ്ട കാര്യമില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം.” – ബിനോയ്‌ വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version