Kerala
കണ്ടാൽ കൊറിയർ സെന്റർ, ആർക്കും ഒരു സംശയം തോന്നില്ല! പക്ഷേ എൻസിബി കണ്ടെടുത്തത് 900 കോടിയുടെ ലഹരി മരുന്ന്
കൊറിയർ സെന്ററിൽ നടത്തിയ പരിശോധയിൽ പിടിച്ചെടുത്തത് 900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന്. ദില്ലിയിലെ കൊറിയർ സെന്ററിൽ നടത്തിയ റെയ്ഡിലാണ് വൻ തോതിൽ ലഹരി മരുന്ന് പിടിയിലായത്. 900 കോടി രൂപ വിലയുള്ള 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്നാണ് പിടികൂടിയത്. കൊറിയർ സെന്ററിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യുറോ നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. എൻ സി ബി ഇന്ന് 82.53 കിലോഗ്രാം ഉയർന്ന ഗ്രേഡ് കൊക്കെയ്നാണ് കണ്ടുകെട്ടിയത്. ഒറ്റദിവസത്തിനുള്ളിൽ നിയമവിരുദ്ധ മയക്കുമരുന്ന് പിടികൂടുന്ന ഇത്തരം വലിയ മുന്നേറ്റങ്ങൾ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രകടമാക്കുന്നുവെന്നും ഷാ കുറിച്ചു. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരെയുള്ള ഞങ്ങളുടെ വേട്ടയാടൽ നിർദയം തുടരുമെന്നും ആഭ്യന്തരമന്ത്രി വിവരിച്ചു