Politics

ജാതിവാല്‍ മുറിക്കാന്‍ പ്രചോദനം സുന്ദരയ്യ; 38ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍

Posted on

സിപിഎമ്മിന്റെ എന്നും ചിരിക്കുന്ന മുഖവും ഇടതുപക്ഷത്തിന്റെ കരുത്തുമായിരുന്നു സീതാറാം യെച്ചൂരി. സംഘടനയ്ക്കുള്ളില്‍ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകന്‍. സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും തീരുമാനവും. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഉണ്ടാകുന്ന വ്യക്തതയായിരുന്നു യെച്ചൂരി.

കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് യെച്ചൂരിക്ക് മൂന്നാം ഊഴം നല്‍കിയത്. ദേശീയതലത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് യെച്ചൂരി ആ സ്ഥാനത്ത് വീണ്ടും അവരോഹിതനായത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മരണം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. ഇടയ്്ക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി.

ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്ക് പഠിക്കുമ്പോള്‍ തെലങ്കാന പ്രക്ഷോഭത്തില്‍ സജീവമായി. ഇതേ തുടര്‍ന്ന് ഒരുവര്‍ഷത്തെ പഠനം മുടങ്ങി. അച്ഛന് സ്ഥലം മാറ്റം ഡല്‍ഹിയിലേക്ക് ആയതോടെ അവിടെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ സാമ്പത്തികശാസ്ത്ര ബിരുദം നേടി. സ്റ്റീഫന്‍സില്‍നിന്ന് ബിഎ ഇക്കണോമിക്സില്‍ ഒന്നാം ക്ലാസുമായാണ് യച്ചൂരി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നു. അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെഎന്‍യുവില്‍ അപേക്ഷിക്കുന്നത്.

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ യെച്ചൂരി സജീവമാകുന്നത്. പ്രകാശ് കാരാട്ടിനായി വോട്ടുതേടിയായിരുന്നു യച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎന്‍യു സര്‍വകലാശാലാ യൂണിയന്‍ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യച്ചൂരി എസ്എഫ്ഐയില്‍ ചേര്‍ന്നത്. 1984ല്‍ എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി. മൂന്നു തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.

1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 1992ല്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം പൊളിറ്റ്ബ്യൂറോയില്‍ യച്ചൂരി അംഗമാകുമ്പോള്‍ വയസ്സ് 38. പിബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിലും സുര്‍ജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു. യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനല്‍കിയ സമിതിയിലെ സിപിഎം പ്രതിനിധിയായിരുന്നു. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാരും ഇടതുപക്ഷപാര്‍ട്ടികളും തമ്മില്‍ രൂപീകരിച്ച ഏകോപനസമിതിയില്‍ പ്രകാശ് കാരാട്ടിനൊപ്പം യച്ചൂരിയും അംഗമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യം രൂപീകരിക്കുന്നതിലും അതിന്റെ നേതൃനിരയിലും സജീവ ഇടപെടലാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version