Kerala

രാഹുൽ വയനാട് ഒഴിയുന്നത് മനസ്സില്ലാ മനസ്സോടെ; പകരം മത്സരിക്കാനില്ലെന്ന് പ്രിയങ്ക

Posted on

ന്യൂഡൽഹി: റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അതിന് മുമ്പ് രാഹുൽ മണ്ഡലത്തിലെത്തി വോട്ടർമാർക്ക് നന്ദി പറയും. ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. നിലവിൽ കേരളത്തിൽ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.

വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കയോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തയാറല്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. റായ്ബറേലിയും അമേത്തിയും ഗാന്ധി കുടുംബത്തോട് കൂറ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ വരുന്നതിനേക്കാൾ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പ്രിയങ്കയും താൽപര്യപ്പെടുന്നത്. അതെ സമയം ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിക്കുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേതെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version