Kerala
വയനാട് ദുരന്തത്തില്‍ മരിച്ച 36പേരെ കൂടി തിരിച്ചറിഞ്ഞു; ആവശ്യപ്പെട്ടാല്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ വിട്ടുനല്‍കും
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉള്‍പ്പെടെ 73 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. കാണാനില്ലെന്ന് പരാതി ലഭിച്ചവരുടെ രക്തബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തു നോക്കിയാണ് മരിച്ചവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടന്നത്.
അവകാശികളില്ലാത്തും തിരിച്ചറിയാന്‍ കഴിയാത്തതുമായ മൃതദേഹങ്ങള്‍ പുത്തുമല എച്ച്എംഎല്‍ ലിമിറ്റഡിന്റെ ഭൂമിയില്‍ സംസ്‌കരിച്ചിരുന്നു. പ്രത്യേക പ്രോട്ടോക്കോളിലായിരുന്നു സംസ്കാരം. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ക്കും ശരീരഭാഗങ്ങള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഡിഎന്‍എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ 36 പേരുടെ പേരും വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തും.
ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിട്ടുനല്‍കും. ഇതിനായി അവകാശികള്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കാമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം സംസ്‌കരിച്ചു. ഡി.എന്‍.എ പരിശോധനയിലൂടെ ഇതുവരെ 66 പേരെക്കൂടി തിരിച്ചറിഞ്ഞു.