Kerala
വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയതോടെ പ്രിയങ്ക അവിടുത്തുകാര്‍ക്കും പരിചിതയാണ്. രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുല്‍ തുടരുന്നത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. റായ്ബറേലിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അവിടെ ബിജെപി വിജയിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. എന്നാല്‍ വയനാട്ടിലെ സാഹചര്യം ഒരിക്കലും ബിജെപിക്ക് അനുകൂലമാകില്ലെന്നും അതിനാല്‍ വയനാട് പ്രിയങ്കയ്ക്ക് സുരക്ഷിതമായ ഇടമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
തൃശൂരില്‍ സുരേഷ് ഗോപിയോട് ദയനീയമായി പരാജയപ്പെട്ട കെ മുരളധീരനെ വയനാട്ടില്‍ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല.