Kerala
വയനാട്ടില്‍ വീണ്ടും കാട്ടാനപ്പേടി; മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്ത്; ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് ആദ്യം കണ്ട ആനയാണ് ഇപ്പോള്‍ ജനവാസമേഖലയില്‍ ഇറങ്ങിയത്.
നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ ക്കൊമ്പന്‍ ഇറങ്ങിയ ഭാഗത്തിന് സമീപത്തുതന്നെയാണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ തുരത്തുന്നതിനായി പ്രദേശത്ത് വന്‍ തോതില്‍ വനപാലകര്‍ എത്തിയിട്ടുണ്ട്. രാവിലെ ആനയുടെ സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജനവാസമേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ടെത്തിയത്.