Kerala
വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം;പേരുണ്ടോയെന്നറിയാം, അറിയേണ്ടതെല്ലാം
തിരുവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഇനിയും പേര് ചേര്‍ക്കാം.
2024 മാര്‍ച്ച് മാസത്തോടെ 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്മാര്ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകും. മാര്‍ച്ച് 25 വരെ ഇതിനായി അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ ഇതിനായി അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയും ഡോക്യുമെന്റ് അപ്ലോഡ് ചെയ്തും ഫോം-6 പൂരിപ്പിച്ചശേഷം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.
എന്‍ആര്‍ഐ ആണെങ്കില്‍ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാര്‍ലമെന്റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങളും നല്‍കണം. ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ രേഖയായി ഉപയോഗിക്കാം. ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ക്കണ്ടും അപേക്ഷ സമര്‍പ്പിക്കാം. രേഖകളുടെ കോപ്പി നേരിട്ട് നല്‍കാം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമാനമായ രീതിയില്‍ അപേക്ഷിക്കാം.