Kerala

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരെ വെട്ടിനിരത്തി ഫൗണ്ടേഷൻ; രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ

Posted on

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരെ ഒഴിവാക്കി ചാണ്ടി ഉമ്മൻ സ്വന്തമായി ഫൗണ്ടേഷൻ രൂപീകരിച്ചതിൽ എഗ്രൂപ്പിൽ മുറുമുറുപ്പ്. കെ.സി.ജോസഫ്, ബെന്നി ബഹനാൻ , പി.സി.വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളെ പാടെ ഒഴിവാക്കിയാണ് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18ന് ഫൗണ്ടേഷൻ്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയത്ത് നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും.

ഫൗണ്ടേഷൻ്റെ സംഘാടക സമിതി ചെയർമാനായി തമ്പാനൂർ രവിയേയും, അംഗങ്ങളായി മുൻ എംഎൽഎമാരായ ശിവദാസൻ നായർ, ജോസഫ് എം.പുതുശേരി, പങ്കജാക്ഷൻ, ജോഷി ഫിലിപ്പ്, രാധാ വി. നായർ എന്നിവരെ തിരഞ്ഞെടുത്തതായി ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു. എന്നാൽ ഫൗണ്ടേഷൻ രൂപീകരണത്തിൽ രാഷ്ട്രീയമില്ല എന്നാണ് ചാണ്ടി ഉമ്മൻ്റെ നിലപാട്. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പേരുകാരൊന്നും ഫൗണ്ടേഷനിൽ ഇല്ലെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ പേരിൽ കെപിസിസി ഫൗണ്ടേഷൻ രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒന്നും നടക്കാതെ വന്ന ഘട്ടത്തിലാണ് ഫൗണ്ടേഷൻ രൂപീകരണവുമായി ചാണ്ടി ഉമ്മൻ മുന്നോട്ട് പോയത്.

നിരവധി ചാരിറ്റി പരിപാടികൾക്കാണ് ഫൗണ്ടേഷൻ രൂപം കൊടുത്തിരിക്കുന്നത്. ആദ്യഘട്ടമായി ഭവനരഹിതരായ 52 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകും. പുതുപ്പള്ളിയിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിലുള്ള ‘മന്ന ചാരിറ്റബിൾ ട്രസ്റ്റ്’ ഉമ്മൻ ചാണ്ടി സ്നേഹസ്പർശം എന്ന പേരിൽ 18ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version