Kerala

ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണ്! ഇനിയും പറയും: വെള്ളാപ്പള്ളി നടേശൻ

Posted on

ആലപ്പുഴ: ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് സമചിത്തതയോടെ ചിന്തിച്ചാൽ മനസിലാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്​ലിംകളെ തള്ളിപ്പറഞ്ഞിട്ടില്ല. ക്രിസ്ത്യാനിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കാര്യം പറയുമ്പോൾ മുസ്​ലിം വിരോധിയാക്കരുത്. ജാതി പറഞ്ഞുവെന്ന് പറയരുതെന്നും സാമൂഹിക നീതിയെ കുറിച്ചാണ് താൻ പറയുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

പിന്നാക്ക സമുദായ സംരക്ഷണ മുന്നണിയുടെ പേരിൽ താൻ മുസ്​ലിംകളൊപ്പം നടന്നതാണ്. തന്നെ കൊണ്ട് ധാരാളം പണവും മുസ്​ലിം സമുദായം ചെലവഴിപ്പിച്ചു. മുസ്​ലിംകൾ പി.എസ്.സിയിൽ അടക്കം കാര്യങ്ങൾ നേടിയെടുത്തു. തന്‍റെ സമുദായത്തിന് എന്ത് മേടിച്ചുതന്നു. മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഒരു സ്കൂൾ പോലും തന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബി.ജെ.പി ഭരണത്തിൽ മുസ്​ലിം പ്രാതിനിധ്യമില്ലെങ്കിൽ അത് മേടിച്ചെടുക്കണം. അതിനാരും എതിരല്ല. ഇവിടെ ഈഴവർക്ക് എന്താണുള്ളത്. ഈഴവർക്ക് പരിഗണന നൽകിയില്ല. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു. രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണ്. പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നുമില്ല. മുസ്​ലിംകൾ അധികമില്ലാത്ത സി.പി.ഐ സീറ്റ് കൊടുത്തത് ആർക്കാണ്. സി.പി.എമ്മിന്‍റെ സീറ്റ് പോലും കേരള കോൺഗ്രസിന് കൊടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവർ സി.പി.എമ്മിൽ നിന്ന് അകന്ന് പോയെങ്കിൽ അതിന്‍റെ കാരണം കണ്ടെത്തണം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ആകുന്ന നിലയിൽ സഹായിച്ചെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണെന്നും ഇനിയും പറയുമെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, നവോത്ഥാന സമിതിയുടെയും എസ്.എൻ.ഡി.പി യോഗത്തിന്‍റെയും ലക്ഷ്യങ്ങൾ രണ്ടാണെന്നും പറഞ്ഞു. എൻ.ഡി.എ കൺവെൻഷനിൽ ഭാര്യ പങ്കെടുത്തത് അറിഞ്ഞില്ല. കൺവെൻഷനിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് ഭാര്യയെ ഉപേക്ഷിക്കാൻ സാധിക്കുമോ‍?. തനിക്ക് തന്‍റെ അഭിപ്രായമെന്നും ഭാര്യക്ക് ഭാര്യയുടെ അഭിപ്രായമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

മുസ്‌ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചത്. ഇടതു സർക്കാർ മുസ്‌ലിം പ്രീണനം നടത്തിയതു കൊണ്ടാണ് ഈഴവർ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ചെയർമാൻ വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതിയിൽ നിന്ന് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ രാജിവെച്ചിരുന്നു. എന്നാൽ, രാജിവെച്ച ഹുസൈൻ മടവൂരിനെ മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങ വീണെന്നാണ് വെള്ളാപ്പള്ളി അധിക്ഷേപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version