Kerala
അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ പൊലീസ് ഓഫീസര്‍മാര്‍?; ഇരകളെ വീണ്ടും വീണ്ടും അപമാനിക്കുന്നു: വി ഡി സതീശന്
തിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെ നടിമാര്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ പുരുഷന്മാരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് മുകളില്‍ എന്തിനാണ് അവരെ നിയന്ത്രിക്കാനായി വേറെ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ വച്ചിട്ടുള്ള സമിതിയിലെ ചില ഉദ്യോഗസ്ഥന്മാരെക്കുറിച്ച്, സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ നിയമസഭയില്‍ തന്നെ വന്നിട്ടുണ്ട്. അങ്ങനെയുള്ള ആളുകളെ ഈ സമിതിയില്‍ വെച്ചത് ശരിയാണോ എന്നും വി ഡി സതീശന് ചോദിച്ചു.
ഐജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ്. ഭാരിച്ച ചുമതലയുള്ള അദ്ദേഹത്തെ എന്തിനാണ് ആ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. സ്പര്‍ജന്‍കുമാറിനെക്കുറിച്ചോ, എഡിജിപി വെങ്കിടേഷിനെപ്പറ്റിയോ വ്യക്തിപരമായി ആക്ഷേപമൊന്നുമില്ല. എന്നാൽ ഇതിനുമുമ്പ് സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ച സമയത്ത് ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണ്?. എന്താണ് സര്‍ക്കാരിന്റെ കയ്യിലിരുപ്പ്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട്, പ്രതികളാകേണ്ട, നിയമത്തിന് മുന്നില്‍ വരേണ്ടവരെ എന്തു വില കൊടുത്തു രക്ഷിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശന് ആരോപിച്ചു.
ഇത്രയും വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും സര്‍ക്കാരിന് മുകളിലുണ്ടായിട്ട്, നിയമപരമായ ബാധ്യത സര്‍ക്കാരിന് മുകളില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ എന്താണ് ചെയ്തത്. സര്‍ക്കാര്‍ ഇതില്‍ കൃത്രിമത്വം കാണിച്ചു ആദ്യം. സോളാര്‍ കേസില്‍ ഇങ്ങനെയായിരുന്നല്ലോ സര്‍ക്കാര്‍ ചെയ്തത്. സോളാര്‍ കേസില്‍ കത്തിലെ പേജുകള്‍ വര്‍ധിച്ചു വരികയായിരുന്നു.