Kerala
പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയിൽവേയ്ക്ക് കൈമാറി; രാവിലെ എറണാകുളത്തു നിന്നും യാത്രതിരിച്ച് ഉച്ചക്ക് ബെംഗളൂരുവിലെത്താം
ചെന്നൈ: പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യിൽനിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയിൽവേയ്ക്ക് കൈമാറിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. എറണാകുളം – ബെംഗളുരു റൂട്ടിൽ ഈ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണറെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടിൽ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി റയിൽവെ തയ്യാറാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകൾ ആറ് സോണുകൾക്കായി അനുവദിച്ചത്. ഇതിൽ ദക്ഷിണറെയിൽവേയ്ക്ക് ലഭിച്ച ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുവരുകയാണ്. രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയിൽവേവൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ എല്ലാ കോച്ച് ഫാക്ടറികളിലും എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം ഊർജിതമാണെങ്കിലും കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ.സി.എഫിന്റെ പഴയ കോച്ചുകളാണ്. തിരുവനന്തപുരം ഡിവിഷനിലെ 1900 കോച്ചുകളിൽ ഏകദേശം 1000 കോച്ചുകളും ഐ.സി.എഫിന്റെ പഴയ കോച്ചുകളാണ്. പാലക്കാട് ഡിവിഷനുകളിലെ 600 കോച്ചുകളിലെ 300 കോച്ചുകളും പഴയവയാണ്. പഴയ കോച്ചുകളുള്ള തീവണ്ടികളിലെ സ്ലീപ്പർ കോച്ചുകളിലെ ജനലുകൾ അടയ്ക്കാനും തുറക്കാനും അത്ര എളുപ്പമല്ല. പല ഫാനുകളും പ്രവർത്തനരഹിതമാണ്. ശൗചാലയങ്ങളും വാഷ് ബേസിനുകളും വൃത്തിഹീനമാണ്. വൃത്തിയാക്കിയാലും കോച്ചുകളുടെ അവസ്ഥ മെച്ചപ്പെടാറില്ലെന്ന് യാത്രക്കാർ പറയുന്നു.
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്), കപൂർത്തല കോച്ച് ഫാക്ടറി എന്നിവയിൽ നിർമാണം പൂർത്തിയായ എൽ.എച്ച്.ബി. കോച്ചുകൾ ആവശ്യത്തിനുണ്ട്. റെയിൽവേ ബോർഡിന്റെ നിർദേശമനുസരിച്ചാണ് റെയിൽവേ ഡിവിഷനുകൾക്ക് എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടി അനുവദിക്കുന്നത്.
കേരളസർക്കാരും എം.പി.മാരും ആവശ്യപ്പെട്ടാൽ സംസ്ഥാനത്തെ പ്രധാന തീവണ്ടികൾക്കെല്ലാം എൽ.എച്ച്.ബി. കോച്ചുകൾ അടങ്ങിയ റേക്കുകൾ ലഭിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. രാജ്യത്തെ പല ഡിവിഷനുകൾക്കും എൽ.എച്ച്.ബി. കോച്ചുകൾ ലഭിക്കുന്നത് രാഷ്ട്രീയസമ്മർദത്തിലൂടെയാണ്. റെയിൽവേ ബോർഡിൽ കേരളസർക്കാരിനും എം.പി.മാർക്കും സ്വാധീനം ചെലുത്താനായില്ലെങ്കിൽ ഐ.സി.എഫിന്റെ പഴയ കോച്ചുകളുമായി കേരളത്തിലെ തീവണ്ടികൾ ഇനിയും ഏറെക്കാലം യാത്ര തുടരേണ്ടിവരുമെന്നും യാത്രക്കാർ പറയുന്നു.