Kerala
കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരതും ഉടനെത്തും
കണ്ണൂർ: ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കുമെന്ന റിപ്പോർട്ട് വന്നതോടെ ആശങ്കയിലാണ് സ്ഥിരം ട്രെയിൻ യാത്രക്കാർ. നിലവിൽ തന്നെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെയുള്ളവ വളരെയേറെ സമയം പിടിച്ചിടുന്നത് സ്ഥിരം ട്രെയിൻ യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. അതിനൊപ്പം മൂന്നാമതൊരു വന്ദേഭാരത് ട്രെയിൻ കൂടി എത്തിയാൽ ജീവിതത്തിന്റെ നല്ലൊരു പങ്കും പിടിച്ചിടുന്ന പ്രതിദിന ട്രെയിനുകൾക്കുള്ളിൽ ആകുമോ എന്ന ആശങ്കയാണ് യാത്രക്കാർ പങ്കുവയ്ക്കുന്നത്.
മംഗളൂരു – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണു റെയിൽവേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി അഖിലേന്ത്യാ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, എപ്പോൾ മുതൽ ഓടിത്തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതേസമയം, പുതിയ വന്ദേഭാരത് കേരളത്തിലേക്കെത്തുമ്പോൾ തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് സ്ഥിരം ട്രെയിൻ യാത്രക്കാരുടെ ഭയം.