Kerala
മഴക്കാലപൂര്‍വ്വശുചീകരണത്തില്‍ വന്‍ വീഴ്ച, കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷുമായുള്ള കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്നാണ് തദ്ദേശ മന്ത്രി എംബി രാജേഷ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ സര്‍ക്കാരിന് വന്‍ വീഴ്ച വന്നതായി അദ്ദേഹം വ്യക്തമാക്കി. ഹരിത കര്‍മ്മ സേനയോട് ഒരു വിരോധവും ഇല്ല. സേവനങ്ങള്‍ക്ക് യൂസര്‍ഫീ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ നടപടി തെറ്റാണ്. വിവാദങ്ങളിലേക്ക് ഹരിത കര്‍മ്മ സേനയെ വലിച്ചിടുന്നത് കുശാഗ്ര ബുദ്ധിയാണ്. മറുപടി പറയാന്‍ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാന്‍ വിനിയോഗിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല, സര്‍ക്കാരും വകുപ്പും പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.