Entertainment
‘എന്റെ സിനിമ നന്നായില്ലെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആരുമില്ല, റീ-ഇന്‍ട്രുക്ഷനും ഇല്ല’ ; സിനിമയില്‍ ഗോഡ്ഫാദര് ഇല്ലെന്ന് ഉണ്ണി മുകുന്ദന്
2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മല്ലു സിങ് ആണ് നടന്റെ ആദ്യ ഹിറ്റ് ചിത്രം. 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് താരപദവിയിലേക്ക് ഉയര്‍ന്നു. സിനിമയില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. തന്റെ സിനിമകള്‍ നന്നായാല്‍ മാത്രമേ ആളുകള്‍ സ്വീകരിക്കൂവെന്നും ഇല്ലെങ്കില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ലെന്നും വണ്ടവാള്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് വെളിപ്പെടുത്തി.
“ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഗോഡ്ഫാദര്‍മാരില്ല. എന്റെ പ്രൊഡക്ടിന്റെ ക്വാളിറ്റി മോശമായാല്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ല. നമുക്ക് റീ-ഇന്‍ട്രുഡക്ഷന്‍ തരണമെങ്കില്‍ നമ്മള് തന്നെയേ ഉള്ളൂ,” എന്നാണ് അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞത്. വളരെ കുറച്ച് ആളുകള്‍ക്കൊപ്പമോ ഒരു പ്രത്യേക ഗ്രൂപ്പിനൊപ്പം മാത്രമോ നിന്ന് സിനിമ ചെയ്യുക എന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
“എനിക്ക് ഒരേ ആളുകള്‍ക്കൊപ്പം ആവര്‍ത്തിച്ച് സിനിമ ചെയ്യാന്‍ പോലും ബുദ്ധിമുട്ടാണ്. മേപ്പടിയാന്റെ സംവിധായകന് വിഷ്ണു എന്റെ അടുത്ത സുഹൃത്താണ്. പക്ഷെ അതിനുശേഷം ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ല. അവര്‍ ഉണ്ണി മുകുന്ദനില്‍ ഒതുങ്ങിപ്പോകാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. ഞാന്‍ എല്ലാ സംവിധായകര്‍ക്കൊപ്പവും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ്,” ഉണ്ണി മുകുന്ദന് പറഞ്ഞു.