Kerala
ഉമാ തോമസ് വീഴുന്ന ദൃശ്യം റിപ്പോർട്ടറിന്, വേദിയില്‍ കാല്‍വെക്കാൻ സ്ഥലമില്ല; വ്യക്തമാകുന്നത് നടുക്കുന്ന അനാസ്ഥ
കൊച്ചി: കലൂരില്‍ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ റിപ്പോർട്ടറിന്. വേദിയിലേക്ക് എത്തിയ എംഎല്‍എ കസേരയില്‍ ഇരിക്കുന്നുണ്ട്. കസേരയില്‍ നിന്നും വേദിയുടെ അരികിലേക്കുള്ള അകലം വളരെ ചെറുതാണ്. ഇതിനിടെ എഴുന്നേറ്റ ഉമാ തോമസ് തിരിഞ്ഞു നിന്ന് വേദിയിലുള്ള മറ്റ് അതിഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ കാല്‍ പിന്നോട്ടേക്ക് വെച്ചതോടെ താഴേക്ക് വീഴുകയായിരുന്നു.
ചെറിയ സ്ഥലം മാത്രമാണ് വേദിയുടെ മുൻനിരയില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്ത് വരുന്നത്.ക്ഷണിച്ചുവരുത്തിയ അപകടമാണ് കലൂരിലേതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ജിസിഡിഎ ചെയര്‍മാനും മന്ത്രിയും ഇരിക്കുന്ന വേദിയാണിത്. വീഴുമെന്ന് ഉറപ്പുള്ള സ്ഥലത്താണ് അതിഥികള്‍ ഇരിക്കുന്നത്. ഇത്രയും സമയമായി ജിസിഡിഎക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള നടപടി ഉണ്ടായോ എന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്.
വെന്റിലേറ്റര്‍ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇടവിട്ടാണ് വെന്റിലേറ്റര്‍ സഹായം നല്‍കുന്നത്. എന്നാല്‍ സ്വയം ശ്വാസമെടുക്കാന്‍ പ്രാപ്തയാകുന്നതു വരെ വെന്റിലേറ്ററില്‍ തുടരും. തലച്ചോറിനേറ്റ പരിക്കില്‍ കാര്യമായ ആശങ്കയില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞതിനാല്‍ കഠിനമായ വേദനയുണ്ട്. ഇതിനായി വേദന സംഹാരി പാച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്.