Kerala
ആറ്റിങ്ങലിലെ മുൻ യുഡിഎഫ് സ്ഥാനാര്‍ത്ഥി; കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരൻ, മഹിളാ കോൺഗ്രസ്, ഡിസിസി തുടങ്ങിയ തലങ്ങളിൽ പാര്‍ട്ടിയുടെ നേതൃത്വ ചുമതല വഹിച്ചിരുന്നു.
ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിൽ നിന്ന് മാറി നിൽക്കുകയാണ് തങ്കമണി ദിവാകരനെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖര്‍ എത്തിയ ശേഷം നിരവധി കോൺഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്.
സംസ്ഥാനത്ത് ഉമ്മൻചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ 33943 വോട്ടാണ് അവര്‍ക്ക് നേടാനായത്. സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനോടാണ് തങ്കമണി ദിവാകരൻ പരാജയപ്പെട്ടത്. ആകെ പോൾ ചെയ്ത 1.14 ലക്ഷം വോട്ടിൽ 63558 വോട്ട് ബി സത്യന് ലഭിച്ചിരുന്നു.