Kerala

തിരുവനന്തപുരത്തെ വെള്ളപ്പൊക്കം; ദുരിത നിവാരണത്തിന് 200 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Posted on

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിതത്തിന് വിരാമമാകുന്നു. ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം തുടര്‍ച്ചയായി സംഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചത്. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതുപ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് നഗരങ്ങള്‍ക്കായി 1,800 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിതനിവാരണപദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതില്‍ 150 കോടി രൂപ (75 ശതമാനം) കേന്ദ്രം നല്‍കും.

തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങള്‍ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മേയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമര്‍പ്പിക്കണം. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് സഹായഹസ്തം നീട്ടുന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണിതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്റെ ‘എക്‌സി’ലൂടെ അഭിപ്രായപ്പെട്ടു.

മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തിരുവനന്തപുരം നിവാസികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു സംസ്ഥാന സര്‍ക്കാരാണ് ഇതിന്മേല്‍ വേണ്ട നടപടികള്‍ ഇനിയും കൈക്കൊള്ളേണ്ടത്. 2024 മേയ് അവസാനത്തോടെ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. തലസ്ഥാനത്തെ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ മെച്ചം സംസ്ഥാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version