Kerala
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച സംഭവത്തില്‍ രണ്ടു പ്രതികൾ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്. 24 ന് വെള്ളിയാഴ്ച മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഒപിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് കഴിഞ്ഞ ദിവസം ക്രൂര മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും മര്‍ദമേറ്റ അനന്തു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്. അക്രമത്തിന്റെ ഭാഗമായ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്, ഇയാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം അനന്തുവുമായുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.