Kerala
അമ്മയുടെ അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ
തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി.
ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകൾ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയിൽ കള്ളനോട്ട് കണ്ടെത്തിയത്.