India

ട്രംപിൻ്റെ ലംബോർഗിനിക്ക് ആവശ്യക്കാർ ഏറെ; ഒടുവിൽ ജനപ്രിയ താരം ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

Posted on

നിരത്തിലെ ആഡംബരത്തിന്റെ മറുപേരാണ് പലർക്കും ലംബോർഗിനി. സ്‌പോട്ടി ഡിസൈനിൽ കിടിലൻ ഫീച്ചറുകളുമായെത്തുന്ന ഈ സൂപ്പർ വാഹനത്തെ ആരുമൊന്ന് കണ്ണുവച്ചുപോകും. അത്തരത്തിൽ ആരും മോഹിച്ചുപോകുന്ന ഒന്നാണ് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള ലംബോർഗിനി. കാഴ്ച്ചയിൽ വ്യത്യസ്തത പുലർത്തുന്ന ഈ കസ്റ്റമൈസ്ഡ് വാഹനം സമീപകാലത്ത് റെക്കോർഡ് തുകയ്ക്കാണ് ലേലം ചെയ്തത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാരറ്റ് ജാക്‌സൻ്റെ ഏറ്റവും പുതിയ സ്‌കോട്ട്‌സ്‌ഡെയ്ൽ ലേലത്തിൽ 1.1 മില്യൺ ഡോളറിനാണ്(9.13 കോടി) ഈ കാർ വിറ്റുപോയത്. ഇതോടെ ലേലത്തിൽ വിറ്റുപോയ ഏറ്റവും ചിലവേറിയ വാഹനമായി ഇത് മാറി.

ലോകത്തിലെ ഏറ്റവും ജനപ്രിയ വാഹന ബ്രാൻഡുകളിൽ ഒന്നാണ് ലംബോർഗിനി. 1997 മുതൽ 1999 വരെ യുഎസ് വിപണിയിൽ എത്തിയ ഇറ്റാലിയൻ കാറുകളിൽ ഒന്നാണ് മുൻ യുഎസ് പ്രസിഡൻ്റ് സ്വന്തമാക്കിയത്. ട്രംപ് ഇഷ്‌ടാനുസൃതമായി ഓർഡർ ചെയ്തതാണ് ഈ മോഡൽ. അദ്ദേഹത്തിന് മാത്രമായി ബ്ലൂ ലെ മാൻസ് എന്ന പ്രത്യേക ഷേഡിൽ ആണ് കമ്പനി കാർ നൽകിയത്. ട്രംപിൻ്റെ പ്രത്യേക ആവശ്യപ്രകാരം ഈ മോഡലിൽ കാറിന്റെ ഡോറിൽ ‘ട്രംപ് 1997 ഡയാബ്ലോ’ എന്ന് എഴുതിയിട്ടുണ്ട്. അകത്ത്, ശ്രദ്ധേയമായ ഡ്യുവൽ-ടോൺ ക്രീം,ബ്ലാക്ക് ഫിനിഷാണ് കാറിൻ്റെ സവിശേഷത.

ഈ സൂപ്പർകാറിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഉണ്ട്. വെറും 4.1 സെക്കൻഡിനുള്ളിൽ 0-ൽ നിന്ന് 60 മൈൽ വേഗത കൈവരിക്കാനും മണിക്കൂറിൽ 325 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ കാറിന് കഴിയും.2002ൽ ട്രംപ് കാർ വിറ്റിരുന്നു. ശേഷം ഈ കാർ പിന്നീട് രണ്ട് തവണ വില്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഇന്ത്യക്കാർക്കും ഏറെ പ്രിയപ്പെട്ട ബ്രാൻഡാണ് ലംബോര്‍ഗിനി. ഇറ്റാലിയന്‍ ആഡംബര കാറുകൾക്ക് മികച്ചവില്‍പ്പനയാണ് ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള ലംബോര്‍ഗിനി ഉറൂസിന്റെ വില്പന തകൃതിയായാണ് ഇന്ത്യയിൽ നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 50 ലംബോര്‍ഗിനി ഉറൂസുകളാണ് കമ്പനി വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version