Kerala
ട്രെയിനില്‍ വച്ച് യുവതിയോട് ലൈംഗികാതിക്രമം; കോളേജ് അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദര്‍ശനം വീട്ടില്‍ പ്രമോദ് കുമാര്‍ (50) ആണ് അറസ്റ്റിലായത്. ഇയാൾ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പര്‍ ഏറനാട് എക്‌സ്പ്രസില്‍ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിന്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സംഭവം നടന്നത് തൃശൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണത്തിനായി കേസ് തൃശൂര്‍ റെയില്‍വേ പോലീസിന് കൈമാറി.