Kerala
ഇനി ചർച്ചയില്ല; ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകള്‍ രംഗത്തെത്തിയിരുന്നു. 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും ഗണേഷ് കുമാർ അറിയിച്ചു.
നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിങ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിങ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്.
എന്നാൽ മോട്ടര്‍ വാഹന നിയമത്തില്‍ ഈ വ്യവസ്ഥയില്ലെന്നാണ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പറയുന്നത്. ടെസ്റ്റ് നടക്കുമ്പോള്‍ ഡ്രൈവിങ് പരിശീലകരോ സ്‌കൂള്‍ ഉടമകളോ ഗ്രൗണ്ടില്‍ കയറരുതെന്ന് മുന്‍പ് ഗതാഗത കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമാണ് പുതിയ നിര്‍ദേശമെന്നും കൂട്ടിച്ചേർത്തു.