Kerala

ബിജെപിയുടെത് ചിട്ടയായ പ്രവര്‍ത്തനം; സിപിഎമ്മിന്റെ അടിത്തറയില്‍ വിള്ളല്‍; വോട്ട് ചോര്‍ച്ചയില്‍ തോമസ് ഐസക്ക്

Posted on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന്റെ അടിത്തറയില്‍ വിളളലുണ്ടായെന്ന് തുറന്നെഴുതി സിപിഎം നേതാവും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയും ആയിരുന്ന തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വോട്ട് ചോര്‍ച്ചയുണ്ടായെന്ന് അതിനുള്ള കാരണങ്ങളും ഐസക്ക് വിശദമാക്കിയിരിക്കുന്നത്. ബിജെപിക്ക് വോട്ട് കൂടിയതിന് അഞ്ച് കാരണങ്ങളാണ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ വിജയിക്കുക മാത്രമല്ല 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാംസ്ഥാനത്ത് വരികയും ചെയ്തു. ശബരിമല പോലൊരു പ്രശ്‌നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫിന്റെ അടിത്തറയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി. ഇത് ഗൗരവകരമായി പരിശോധിക്കേണ്ട വിഷയമാണ്. രാജ്യത്താകമാനമുള്ള വര്‍ഗ്ഗീയ അന്തരീക്ഷം കേരളത്തെയും സ്വാധീനിച്ചിട്ടുണ്ട്. ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ ഫലം കണ്ടതെന്നാണ് ഐസക്ക് പറയുന്നത്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഭക്തി പ്രസ്ഥാനങ്ങളില്‍ നിന്നുംമറ്റ് പാര്‍ട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ആര്‍എസ്എസിനു സഹായകമായതായും ഐസക്ക് പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. സന്നദ്ധസംഘടനകള്‍ വഴിയുള്ള സാമൂഹ്യസേവനവും ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചതായും ഐസക്ക് വിലയിരുത്തുന്നു. ഇതോടൊപ്പം ജാതി സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയില്‍ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിതമായ ശ്രമങ്ങളും ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികളിലാണെങ്കില്‍ മുസ്ലിം വിദ്വേഷത്തെ അടിസ്ഥാനമാക്കി ക്രിസംഘികള്‍ എന്നൊരു വിഭാഗം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവയെല്ലാം ആസ്പദമാക്കിയുള്ള പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കണമെന്നും ഐസക്ക് ആവശ്യപ്പെടുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം സംസ്ഥാന സമതി തോല്‍വി വിശദമായി ചര്‍ച്ച ചെയ്ത ശേഷമുള്ള വിശദീകരണത്തില്‍ പോലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഐസക്ക് നടത്തിയിരിക്കുന്നത്. നേതൃത്വത്തെ മുനവച്ചുള്ള വിമര്‍ശനമാണ് ഐസക്ക് നടത്തിയതെന്നും വിലയിരുത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version