Entertainment

തമിഴ് സിനിമയിലെ ലൈംഗികാതിക്രമ ശുദ്ധികലശത്തില്‍ കല്ലുകടിയും; കയ്യടിയും വിമർശനവും ഒരുമിച്ച് നേടി നടികർ സംഘം

Posted on

മലയാള സിനിമയെ ആകെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ സ്വാധീനം തമിഴ് ചലച്ചിത്ര മേഖലയിലും. തൊഴിലിടങ്ങളില്‍ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് എതിരെ ശുദ്ധികലശവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് തമിഴ് താര സംഘടനയായ നടികർ സംഘം. കുറ്റം ബോധ്യപ്പെട്ടാൽ വിലക്ക് ഉള്‍പ്പെടെ കടുത്ത നടപടികളാണ് ശുപാര്‍ശചെയ്യുന്നത്. ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പ്രശ്ന പരിഹാര സെൽ (ഐസിസി) ഉൾപ്പടെ രൂപികരിക്കാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനിച്ചത്. എന്നാല്‍ ചില നിർദേശങ്ങൾ വിചിത്രവുമാണ്.

പരാതികൾ നൽകാനായി അംഗങ്ങൾ ആദ്യം നടികർ സംഘം നിയമിക്കുന്ന ഐസിസിയെ സമീപിക്കണം എന്ന തീരുമാനത്തിന്‌ എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത് . മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആദ്യം വെളിപ്പെടുത്തല്‍ നടത്തരുതെന്നും നിർദേശമുണ്ട്. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. മുതിർന്ന നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ വിലക്ക് ഉണ്ടാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. പരാതിക്കാര്‍ക്ക് വേണ്ട നിയമപോരാട്ടത്തിനുള്ള സഹായം സംഘടന നല്‍കും. അതിക്രമങ്ങൾ അറിയിക്കാൻ രൂപീകരിക്കുന്ന ആഭ്യന്തര പരിഹാര സെല്ലിനായി പ്രത്യേക ഇ മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടാകും. ഇരകൾക്ക് ഈ നമ്പരിലൂടെയും ഇമെയിൽ വഴിയും പരാതികൾ നൽകാം. ഇക്കാര്യങ്ങൾ സൈബർ പോലീസിനെ അറിയിക്കാനും നിയമനടപടി സ്വീകരിക്കാനും സഹായം നൽകും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരാതി ഉന്നയിക്കുന്നതെങ്കിലും നിയമസഹായം നൽകും.

പത്ത് പേരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. അധികം വൈകാതെ ഇത് നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ് സിനിമയില്‍ 20 ശതമാനം നടിമാര്‍ക്ക് മാത്രമാണ് നേരിട്ട് അവസരം ലഭിക്കുന്നതെന്നും 80 ശതമാനം പേരും ചതിക്കുഴില്‍ വീഴുന്നു എന്ന് നേരത്തേ വിശാൽ പ്രതികരിച്ചിരുന്നു. അവസരം ലഭിക്കാൻ അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് പറയുന്ന നിമിഷം തന്നെ ചെരുപ്പൂരി അടിക്കണമെന്നും നടൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version