Kerala
വിലക്കയറ്റം പറഞ്ഞ് സപ്ലൈകോയില്‍ വില കൂട്ടി; ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: ഓണച്ചന്തകളില്‍ സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്. പഞ്ചസാര ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ വില വര്‍ധിപ്പിച്ചിരുന്നു. ഹോള്‍സെയില്‍ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില വര്‍ധനവെന്നായിരുന്നു സപ്ലൈകോ വിശദീകരണം. എന്നാല്‍ അതേ ഹോള്‍സെയില്‍ വിപണിയില്‍ നിന്ന് വാങ്ങിയ സാധനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്.
സപ്ലൈകോ ഓണം മേളയില്‍ 36 രൂപ വിലയുള്ള പഞ്ചസാര 27 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണിയില്‍ വില്‍ക്കുന്നത്. സപ്ലൈകോയില്‍ മട്ട അരിയുടെ വില 33 രൂപയാണ്. അതേ മട്ടയരിക്ക് കണ്‍സ്യൂമര്‍ഫെഡിലെ വില 30 രൂപയാണ്. പഞ്ചസാരയ്ക്ക് 8 രൂപയുടെ വ്യത്യാസമാണുള്ളത്. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും 27 രൂപയ്ക്ക് വാങ്ങുന്ന പഞ്ചസാരക്ക് സപ്ലൈകോയില്‍ കിലോയ്ക്ക് 35 രൂപ നല്‍കണം. കണ്‍സ്യൂമര്‍ഫെഡില്‍ തുവര പരിപ്പിന്റെ വില 111 ആണെങ്കില്‍ സപ്ലൈകോ വില 115 രൂപയാണ്.
സര്‍ക്കാരില്‍ നിന്ന് സ്ഥിരമായി സബ്‌സിഡി ലഭിക്കുന്ന സ്ഥാപനമാണ് ഭക്ഷ്യവകുപ്പിന് കീഴിലെ സപ്ലൈകോ. സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമര്‍ഫെഡിന് ആകട്ടെ ഉത്സവചന്തകളുടെ കാലത്ത് മാത്രമാണ് സബ്‌സിഡി ലഭിക്കുക. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്ന് സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. എന്നാല്‍ പഴയ നിരക്കില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കിയാല്‍ മതി എന്നാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിനു നല്‍കിയ നിര്‍ദേശം. രണ്ടിടത്തെയും വില തമ്മിലുള്ള വ്യത്യാസം സപ്ലൈകോയുടെ വില കൂട്ടിയതിനുള്ള ന്യായീകരണം തള്ളിക്കളയുന്നതാണെന്നാണ് വിമർശനം.