Kerala
കുടിശികയായി നൽകാനുള്ളത് 600 കോടി; സപ്ലൈക്കോ മാവേലി സ്റ്റോറുകളിലെ പ്രതിസന്ധി തുടരും
കൊച്ചി: സംസ്ഥാനത്തെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിലെ സബ്‌സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടരും. സ്റ്റോറുകളിൽ നാല്പതിന ഉത്പന്നങ്ങളെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങിയതാണ് കാരണം. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്. എട്ട് മാസമായുള്ള 600 കോടി രൂപയുടെ കുടിശ്ശികയിൽ തീരുമാനമില്ലെങ്കിൽ ടെണ്ടറിൽ പങ്കെടുക്കില്ലെന്നാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം.
ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറിൽ നിന്നും സംഘടന വിട്ട് നിന്നു. ഇതോടെയാണ് ടെണ്ടർ നടപടികൾ സപ്ലൈക്കോ നിർത്തി വെച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് ടെണ്ടർ പുനക്രമീകരിക്കേണ്ടതിനാലാണ് തീരുമാനമെന്നാണ് ഔദ്യോദിക വിശദീകരണം. എന്നാൽ സബ്സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടി സർക്കാർ തീരുമാനമെത്തിയതിന് തൊട്ട് അടുത്ത ദിവസമായിരുന്നു സപ്ലൈക്കോ ടെണ്ടർ ക്ഷണിച്ചത്. അരി, പഞ്ചസാര, പയർവർഗ്ഗങ്ങൾ ഉൾപ്പടെ 40 ഇന ഉത്പന്നങ്ങൾ ടെണ്ടറെടുത്താൽ മൂന്ന് ദിവസത്തിനകം സ്പൈക്കോ കേന്ദ്രങ്ങളിൽ വിതരണക്കാർ എത്തിക്കുമായിരുന്നു.
എന്നാൽ കർണാടക, ആന്ധ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരും, മില്ലുടമകളും കുടിശ്ശികയിൽ വിട്ടുവീഴ്ച ഇല്ലാതെ തുടരുകയാണ്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ ഉത്പന്നങ്ങളുടെ ക്ഷാമം തുടരും. സർക്കാരിൽ നിന്ന് അടിയന്തര സഹായമൊന്നുമില്ല. ബജറ്റിൽ പ്രഖ്യാപിച്ച വിഹിതവും കിട്ടാൻ മാസങ്ങളെടുക്കും. കർഷകർക്ക് നെല്ല് സംഭരണ തുക നൽകുന്ന മാതൃകയിൽ വിതരണക്കാർക്കും കുടിശ്ശിക തീർപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഭക്ഷ്യവകുപ്പ്. ഇതിനായി ബാങ്കുകളുമായി ചർച്ചകൾ തുടരുകയാണ്. ഇതിൽ തീരുമാനമായാൽ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് തുകയിൽ വിതരണക്കാരുടെ കുടിശ്ശിക തീർപ്പാക്കാമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ ഇതിലുണ്ടാകുന്ന കാലതാമസം സപ്ലൈക്കോ മാവേലി സ്റ്റോറുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക.