Kerala

എഡിജിപിക്കെതിരായ എസ്‍പിയുടെ ആരോപണം; നിർണായക നീക്കവുമായി ആഭ്യന്തര വകുപ്പ്, വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടും

Posted on

തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്‍പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് കുമാറിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‍പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്‍റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.

അജിത് കുമാറിനെതിരെ പിവി അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങൾ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. അതേസമയം, പിവി അന്‍വറും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ പിവി അന്‍വറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികൾക്ക് കാണാൻ സമയം അനുവദിച്ചിരുന്നു. സുജിത് ദാസിൻ്റെ ശബ്ദരേഖ പുറത്ത് വന്നതിനാൽ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.

എഡിജിപി എംആര്‍ അജിത്ത് കുമാറിനും  പത്തനംതിട്ട എസ്‍പി സുജിത്ത് ദാസിനുമെതിരെ ഗുരുതര ആരോപണമാണ് പിവി അൻവര്‍ എംഎല്‍എ നടത്തിയത്. ഇതിലും വകുപ്പ് തല നടപടിക്ക് സാധ്യതയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വം അൻവറിനെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിവി അന്‍വര്‍ എംഎല്‍എ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version