Kerala

‘മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടും’; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് കുടുംബം

Posted on

തിരുവനന്തപുരം: സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പീഡന ആരോപണം വന്നതുമുതല്‍ ഷാനു കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

കുടുംബപ്രശ്‌നങ്ങളും ഷാനുവിനെ അലട്ടിയിരുന്നതായും കുടുംബം പറയുന്നു. മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടുമുണ്ടായിരുന്നുവെന്നും സഹോദരന്‍ ഷാജി ആരോപിച്ചു. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നുവെന്നായിരുന്നു ഹോട്ടലിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞത്.എന്നാല്‍ അവരുടെ മൊഴികളില്‍ ദുരൂഹത തോന്നുന്നുവെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും സഹോദരന്‍ പറഞ്ഞു.

അതിനിടെ ഷാനുവിന്റെ മരണം കുഴഞ്ഞുവീണുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശൗചാലയത്തില്‍ കുഴഞ്ഞുവീണതിന്റെ ആഘാതമാകാം മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെയും വയറ്റിലെ ദക്ഷണ അവശിഷ്ടത്തിന്റെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു.

അതിനിടെ ഷാനുവിനൊപ്പം താമസിച്ചിരുന്ന രണ്ടുപേരുടെ മൊഴി പൊലീസെടുത്തു. ഇക്കഴിഞ്ഞ 11നാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഷാനു മുറിയെടുത്തത്. രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കള്‍ മുറി വിട്ടുപോയിരുന്നു. തിങ്കളാഴ്ച ഷാനു മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version