Kerala
‘ഞാൻ പേരുകേട്ട പിണക്കക്കാരൻ, ഊണിന്റെ കൂടെ പഴം തരാത്തതിന് പിണങ്ങി’: സുരേഷ് ഗോപി
താൻ പേരുകേട്ട പിണക്കക്കാരനാണെന്ന് സുരേഷ് ഗോപി. ഒരു ന്യായവും ഇല്ലാതെ പിണങ്ങും. പലവട്ടം സിനിമസെറ്റിൽ പിണങ്ങിയിരുന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഊണിനൊപ്പം പഴം തരാത്തതിന് ‘പൈതൃകം’ സിനിമ ഷൂട്ടിനിടയിൽ പിണങ്ങിയിരുന്നതിനെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ പേരുകേട്ട, വെറുക്കപ്പേടേണ്ട ഒരു പിണക്കക്കാരനാണ്. ഒരു ന്യായവും ഇല്ലാതെ പിണങ്ങും. ഉണ്ണാതെ എത്രയോ വട്ടം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച് ഉച്ചക്ക് ആ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്. കാരണം ഊണിന്റെ കൂടെ എനിക്ക് പഴം തന്നില്ല. ജയറാം ആണ് വന്ന് പറഞ്ഞത്. മണിയൻപിള്ളരാജുവും കൂട്ടുപിടിച്ചു.
പ്രൊഡക്ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ അവൻ പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ടു വരാൻ. അത് കേട്ടയുടൻ എനിക്ക് ദേഷ്യം വന്ന്. അപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറിൽ നിന്നും കൈ എടുത്ത് ഞാൻ എണീറ്റു. എങ്കിൽ എനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. ഞാൻ മാത്രമല്ല, എല്ലാവരും എന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. ഇനി ഈ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കില്ല. കാരണം വൈകുന്നേരം വരെ എനിക്ക് പഴം വന്നില്ല. അത് ലാഭമായില്ലേ എന്ന് വിചാരിച്ച പ്രൊഡ്യൂസറുണ്ട്.’–സുരേഷ് ഗോപി പറഞ്ഞു.