Kerala

എസ്എഫ്‌ഐയെ അടപടലം അധിക്ഷേപിച്ചിടും മിണ്ടാതെ സിപിഎം; ഫാസിസ്റ്റ് കഴുകന്മാര്‍ എന്ന വിളി ആവര്‍ത്തിച്ച് സിപിഐ

Posted on

ഇടതുപക്ഷത്തിന് എസ്എഫ്‌ഐ ബാധ്യതയാവുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ച് മിനിട്ടുകള്‍ക്കുളളിലാണ് മുന്നണിയിലെ പ്രധാന കക്ഷി തന്നെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ച് തിരുത്തല്‍ വരുത്തണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ വാക്കുകളേക്കാള്‍ തീവ്രമായാണ് ബിനോയ് വിശ്വം ആഞ്ഞടിച്ചത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും പരമാവധി പ്രകോപിപ്പിച്ചപ്പോഴും സിപിഐ മന്ത്രിമാരും എംഎല്‍എമാരും സമ്പൂര്‍ണ്ണ നിശബ്ദതയിലായിരുന്നു. അതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണമുണ്ടായത്.

കാര്യവട്ടം കാമ്പസിലും കൊയിലാണ്ടി ഗുരുദേവ കോളജിലും എസ്എഫ്‌ഐ നടത്തിയ അടിപിടിയെ ചൊല്ലി പൊതുസമൂഹത്തില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉയരുന്നതിന് ഇടയിലാണ് ഭരണമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയുടെ കടുത്ത വിമര്‍ശനം. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റ മരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത പരാജയ കാരണങ്ങളിലൊന്നായി ചിത്രീകരിക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റേയും സിപിഐയുടേയും തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്ത യോഗങ്ങളില്‍ സിദ്ധാര്‍ത്ഥന്റെ മരണം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.എസ്എഫ്‌ഐക്കാരായ 19 വിദ്യാര്‍ത്ഥികളെയാണ് സിദ്ധാര്‍ത്ഥന്റ ദുരുഹമായ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്റിലായത്.

കാമ്പസുകളില്‍ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും സ്ഥിര സംഭവമാണ്. അവരുടെ വിദ്യാര്‍ത്ഥി നേതാക്കളെ മര്‍ദ്ദിക്കുന്നതിനെതിരെ സിപിഐ പലവട്ടം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും സിപിഎമ്മോ എസ്എഫ്‌ഐയോ ഗൗനിക്കാറില്ല.

മൂന്ന് വര്‍ഷം മുമ്പ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ‘എസ്എഫ്‌ഐ ഫാസിസ്റ്റ് കഴുകന്‍ കൂട്ടം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. എംജി സര്‍വ്വകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ നേതാവ് അധിക്ഷേപിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലാണ് ഫാസിസ്റ്റ് കഴുകന്മാര്‍ എന്ന അതിരൂക്ഷ വിമര്‍ശനം ജനയുഗം ഉയര്‍ത്തിയത്. പക്ഷേ, സിപിഎമ്മോ എസ്എഫ്‌ഐയോ ഈ വിമര്‍ശനത്തിനെതിരെ കാര്യമായ പ്രതികരണമൊന്നും നടത്താതെ മൗനം പാലിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version