India
ഇലക്ടറല്‍ ബോണ്ട് കേസ്: എസ്ബിഐയുടെ അപേക്ഷ തള്ളി, സാവകാശമില്ല
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നാളെ തന്നെ എസ്ബിഐ വിവരങ്ങള്‍ കൈമാറണം.
എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കോടതിയലക്ഷ്യ നടപടികള്‍ തല്‍ക്കാലം ആരംഭിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ എസ്ബിഐ വിശിദീകരണം നല്‍കണം.
എസ്ബിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. എസ്ബിഐ മനപ്പൂര്‍വ്വം കോടതി നടപടികള്‍ അനുസരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ നല്‍കാന്‍ എസ്ബിഐക്ക് നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രവര്‍ത്തന സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം. എസ്ബിഐ ചെയര്‍മാനും എംഡിക്കും നോട്ടീസ് നല്‍കി. എസ്ബിഐ നാളെ വൈകിട്ട് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകും.