Kerala
ആലപ്പുഴയിൽ ക്രിസ്മസ് സന്ദേശം നൽകുന്നത് ആർഎസ്എസ് നേതാവ് തടഞ്ഞു
ആലപ്പുഴയിൽ ക്രിസ്മസ് സന്ദേശം നൽകുന്നത് ആർഎസ്എസ് നേതാവ് തടഞ്ഞതായി വിവരം. ഇന്നലെ രാത്രി മുതുകുളം വെട്ടത്തുമുക്കിലാണ് സംഭവം നടന്നത്. റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകിയ പെന്തക്കോസ്ത് വിഭാഗക്കാരെയാണ് ഭീഷണിപ്പെടുത്തിയത്.
ക്രിസ്മസ് സന്ദേശം പ്രസംഗിച്ചുകൊണ്ടിരുന്ന ആളിനരികിലേക്ക് ബൈക്കിലെത്തിയ ആർഎസ്എസ്. കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷാണ് ഭീഷണി മുഴക്കിയത്. മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു ആർഎസ്എസ് നേതാവിൻ്റെ വിരട്ടൽ.
എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായതെന്ന് സന്ദേശം നൽകികൊണ്ടിരുന്നയാൾ തിരിച്ച് ചോദിച്ചപ്പോൾ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് നിർത്താൻ പറഞ്ഞത് എന്നായിരുന്നു രതീഷിന്റെ മറുപടി. വർഷങ്ങളായി നടത്തുന്ന പരിപാടിയാണെന്ന് പറഞ്ഞിട്ടു ആർഎസ്എസ് നേതാവ് ചെവിക്കൊണ്ടില്ല. എന്തു പറഞ്ഞാലും ക്രിസ്മസ് സന്ദേശം നൽകാൻ പറ്റില്ല എന്ന് പറഞ്ഞ് ഭീഷണി കടുപ്പിക്കുകയായിരുന്നു. ഇതോടെ പെന്തക്കോസ്ത് വിഭാഗക്കാർ പരിപാടി അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.