Kerala

ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ പ്രശ്‌നമില്ല, എന്ത് ചര്‍ച്ച ചെയ്തുവെന്നതാണ് പ്രശ്‌നം; ടി പി രാമകൃഷ്ണന്‍

Posted on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ എല്‍ഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി തെറ്റ് ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്ന് ഉറപ്പാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ടി പി രാമകൃഷ്ണന്‍.

‘എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസുകാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എന്ത് ചര്‍ച്ച ചെയ്തുവെന്നതാണ് വിഷയം. അന്‍വര്‍ നല്‍കിയ പരാതിയിലും തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആ പരാതി വിശദമായി പരിശോധിക്കും. അതിനുള്ള നടപടി ആഭ്യന്തര വകുപ്പില്‍ തുടങ്ങി. തെറ്റ് ചെയ്‌തെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ സംരക്ഷിക്കില്ല. കടുത്ത നടപടിയെടുക്കും’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസുമായി നിലപാട് സ്വീകരിക്കാന്‍ സിപിഐഎമ്മോ എല്‍ഡിഎഫോ തയ്യാറാകില്ല. കേരളത്തില്‍ ഒരു തരത്തിലും അത്തരമൊരു നീക്കമുണ്ടാകില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രകാശ് ജാവദേക്കറെ കണ്ടതിനാല്‍ അല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംഘടനാപരമായ തീരുമാനത്തിന്റെ പുറത്താണ്. നാളെ എന്നെയും മാറ്റിയേക്കും. ഓരോരുത്തരും എന്ത് ജോലി ചെയ്യണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സ്പീക്കര്‍ എന്നത് സ്വതന്ത്രപദവിയാണ്. അദ്ദേഹം എന്തു പറയണം എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അതിന് സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതില്‍ പ്രതികരിക്കാനില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കണ്‍വീനര്‍. വയനാടിന്റെ പുനരധിവാസം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version